അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിലും ഗ്രേറ്റ് ലേക്‌സ് പ്രദേശത്തും ശക്തമായ ശീതകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ക്രിസ്മസിന് ശേഷമുള്ള തിരക്കേറിയ യാത്രകൾക്ക് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തതോടെ നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ മഞ്ഞുവീഴ്ചയും ഐസും പ്രധാന ഗതാഗതകേന്ദ്രങ്ങളെ ബാധിക്കുകയും വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങുകയും ചെയ്തു.
അധികൃതർ വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാസമയങ്ങളിൽ ഒന്നായതിനാൽ റോഡുകളിലേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരത്തോടെ യുഎസിലുടനീളം 9,000ത്തിലധികം ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തുവെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്ക് നഗരമേഖലയിലാണ് ഏറ്റവും വലിയ തടസ്സം ഉണ്ടായത്.
ജോൺ എഫ്. കെനഡി, ലഗാർഡിയ, ന്യൂവർക്ക് ലിബർട്ടി എന്നീ വിമാനത്താവളങ്ങളിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. കാലാവസ്ഥയെ തുടർന്ന് യാത്ര തടസ്സപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കിയതായി അമേരിക്കൻ, യുണൈറ്റഡ്, ജെറ്റ്‌ബ്ലൂ തുടങ്ങിയ എയർലൈൻസുകൾ അറിയിച്ചു. ന്യൂയോർക്ക് സിറ്റി, ന്യൂജഴ്‌സി എന്നിവിടങ്ങളിലെയും വടക്കുകിഴക്കൻ മേഖലയിലെ വലിയ പ്രദേശങ്ങളിലെയും ആലിപ്പഴം പോലെയുള്ള കട്ടകളുള്ള കനത്ത മഞ്ഞുവീഴ്ചയും റോഡ് ഗതാഗതത്തെയും അപകടകരമാക്കി.
ഐസുള്ള റോഡുകളും കാഴ്ചമങ്ങലും ദൂരയാത്ര ചെയ്യുന്നവർക്ക് വലിയ അപകടസാധ്യതയുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂയോർക്ക് സിറ്റിയിൽ കഴിഞ്ഞ കുറേ വർഷങ്ങളിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ സെൻട്രൽ പാർക്കിൽ 4.3 ഇഞ്ച് കനത്തിലായിരുന്നു മഞ്ഞ്. 2022 ജനുവരിക്ക് ശേഷം ആദ്യമായാണ് നാല് ഇഞ്ചിന് മുകളിൽ മഞ്ഞുവീഴുന്നത്. ലോങ് ഐലൻഡ്, കണെറ്റിക്കട്ട്, ഹഡ്സൺ വാലി തുടങ്ങിയ നഗരത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായി. കാറ്റ്സ്കിൽസിലെ ബെല്ലെയർ മൗണ്ടനിൽ 13 ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
മുൻകൂട്ടി കണക്കാക്കിയതിലും മഞ്ഞുവീഴ്ച കുറവായിരുന്നെങ്കിലും, ഗതാഗതത്തെ സാരമായി ബാധിക്കാൻ അത് മതിയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെ JFK, ലഗാർഡിയ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ട സർവീസുകളുടെ ഏകദേശം 20 ശതമാനവും റദ്ദാക്കി. മറ്റൊരു 15 ശതമാനം വിമാനങ്ങൾ വൈകുകയും ചെയ്തു. ന്യൂവർക്ക് ലിബർട്ടി വിമാനത്താവളം യാത്രക്കാർക്ക് തുടർച്ചയായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു.
ന്യൂയോർക്ക് ഗവർണർ കാതി ഹോചുൾ സംസ്ഥാനത്തിന്റെ പകുതിയിലധികം പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജഴ്‌സിയുടെ ഇടക്കാല ഗവർണർ താഹേഷാ വേയും സമാന ഉത്തരവ് പുറപ്പെടുവിച്ചു. അവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും റോഡുകൾ സുരക്ഷിതമായി വൃത്തിയാക്കാൻ സംഘങ്ങൾക്ക് സമയം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂയോർക്ക് നഗരത്തിൽ ടൈംസ് സ്ക്വയർ ഉൾപ്പെടെ പല പ്രദേശങ്ങളിലും നഗരസഭാ തൊഴിലാളികൾ മഞ്ഞ് നീക്കാൻ വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചില വിനോദസഞ്ചാരികൾ അപൂർവമായ ഈ ശീതകാല കാഴ്ച ആസ്വദിക്കുകയും ചെയ്തു. നോർത്ത് കരോലിന, വെസ്റ്റ് വർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് മഞ്ഞുവീഴ്ച അപ്രതീക്ഷിതമായിരുന്നെങ്കിലും ഓർമ്മയിൽ എക്കാലത്തും സൂക്ഷിക്കാവുന്ന അനുഭവമായിരുന്നുവെന്ന് പറയുന്നു.
Heavy snow causes widespread traffic jams in US; More than 9,000 flights affected, emergency in New York and New Jersey










