അമേരിക്കയിലെ മിഡ്‌വെസ്റ്റ് പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും ഐസ് പടലവും രൂപപ്പെട്ടതോടെ താങ്ക്സ്‌ഗിവിങ് അവധിക്കാലത്തിനു ശേഷമുള്ള മടക്കയാത്ര കുഴപ്പത്തിലായി. ശനിയാഴ്ച മാത്രം രാജ്യത്താകമാനം 1400-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കി. ഫ്ലൈറ്റ്‌അവെയർ ഡാറ്റ പ്രകാരം ഭൂരിഭാഗം റദ്ദാക്കലുകളും മഞ്ഞുവീഴ്ച ബാധിച്ച മിഡ്‌വെസ്റ്റിലാണ്. ചിക്കാഗോ ഓ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 930-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കുകയും 750-ലധികം വൈകുകയും ചെയ്തു; ഓ’ഹെയറിലേക്കുള്ള ഫ്ലൈറ്റുകൾ ശരാശരി അഞ്ച് മണിക്കൂറിലധികം വൈകിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഷിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ 187 ഫ്ലൈറ്റുകൾ റദ്ദാക്കി, 85 എണ്ണം വൈകി. രണ്ടിടത്തും ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി. ഇൻഡ്യാനയിലെ പുട്ട്നംവില്ലിൽ ഇന്റർസ്റ്റേറ്റ് 70-ൽ മഞ്ഞുവീഴ്ച മൂലം 45 വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ ഹൈവേ അടച്ചു. ഗുരുതര പരിക്കുകളില്ലെന്ന് സംസ്ഥാന പൊലീസ് വ്യക്തമാക്കി. സെൻട്രൽ ഐഓവ മുതൽ സൗത്തേൺ വിസ്കോൺസിൻ, നോർത്തേൺ ഇല്ലിനോയിസ്, ഇൻഡ്യാന, വെസ്റ്റേൺ മിഷിഗൻ വരെ 6 ഇഞ്ചിലധികം മഞ്ഞ് അടിഞ്ഞേക്കാമെന്നാണ് പ്രവചനം.
മഞ്ഞുവീഴ്ചയും കാറ്റും ചേർന്ന് വൈറ്റൗട്ട് സാഹചര്യം സൃഷ്ടിക്കുമെന്നതിനാൽ ശനിയാഴ്ച രാത്രി മുതൽ ഞായർ രാവിലെ വരെ യാത്ര അത്യന്തം അപകടകരമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ച കഴിഞ്ഞാൽ വടക്കൻ യുഎസിൽ താപനില സാധാരണയേക്കാൾ 10-20 ഡിഗ്രി ഫാരൻഹീറ്റ് താഴുമെന്നും പ്രവചിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകൾ വിന്റർ വെതർ അലേർട്ടിനു കീഴിലാണ്.















