ശക്തമായ ശീതക്കാറ്റ് : അമേരിക്കയിൽ ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി, ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത, യാത്രക്കാർ ശ്രദ്ധിക്കുക

അവധിക്കാല യാത്രകളുടെ തിരക്കിനിടയിൽ വടക്കുകിഴക്കൻ അമേരിക്കയിൽ ശക്തമായ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. 1,802 വിമാനങ്ങൾ റദ്ദാക്കുകയും 22,349 വിമാനങ്ങൾ വൈകുകയും ചെയ്തതായി വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം, എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രാതടസ്സം നേരിട്ട യാത്രക്കാർക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലഡൽഫിയ, ഡെട്രോയിറ്റ് എന്നിവിടങ്ങളിലെയും കാനഡയിലെ ടൊറന്റോയിലെയും വിമാന സർവീസുകളും തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂയോർക്കിലും തെക്കൻ കണക്ടിക്കട്ടിലും 9 ഇഞ്ച് (ഏകദേശം 23 സെ.മീ.) വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ചില പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ വരെ റോഡുമാർഗം യാത്ര ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കെ ആളുകൾ യാത്രകൾ മാറ്റിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഇതിനകം ജെറ്റ്‌ബ്ലൂ എയർവേയ്സ് 227 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഡെൽറ്റ എയർലൈൻസ് 213 സർവീസുകളും റദ്ദാക്കി. റിപ്പബ്ലിക്, സൗത്ത്‌വെസ്റ്റ് എയർലൈൻസ് കമ്പനികൾ യഥാക്രമം 157, 146 വിമാനങ്ങൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ഏകദേശം 100 വിമാനങ്ങളും ഇന്നത്തെ സർവീസിൽ നിന്ന് ഒഴിവാക്കി. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി അറിയാൻ തങ്ങളുടെ എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ സാമൂഹ്യ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.

. ഡ്രൈവർമാർക്ക് അപകടകരമായ സാഹചര്യം നേരിടേണ്ടിവരുമെന്നും അടിയന്തര ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ കൈവശം വയ്ക്കണമെന്നും അധികൃതർ അറിയിച്ചു.അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ന്യൂയോർക്ക് ഗവർണർ കാതി ഹോക്കൽ അഭ്യർത്ഥിച്ചു. യാത്ര അനിവാര്യമായാൽ മുൻകൂട്ടി തയ്യാറെടുക്കണം. വേഗം കുറച്ച് യാത്ര ചെയ്യണം, സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താൻ മതിയായ സമയം എടുക്കണമെന്നും അവർ നിർദേശിച്ചു.

ന്യൂജേഴ്സിയിലെയും കണക്ടിക്കട്ടിലെയും ഗവർണർമാരും സമാന മുന്നറിയിപ്പുകൾ നൽകി.ഡിസംബർ 14ന് നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായതിനു പിന്നാലെ, ഈ സീസണിലെ രണ്ടാമത്തെ വലിയ മഞ്ഞുവീഴ്ചയാണ് ന്യൂയോർക്ക് സിറ്റിയിൽ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ജോലി സ്ഥലത്തേക്ക് കാറിൽ പോയവർ നേരത്തെ തിരികെ പുറപ്പെടുകയോ, സാധ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യണമെന്ന് മേയർ എറിക് ആഡംസ് അഭ്യർത്ഥിച്ചു.

അതേസമയം, മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള സ്നോ പ്ലൗകൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഇഞ്ചിലധികം മഞ്ഞ് അടിഞ്ഞുകൂടുമ്പോൾ റോഡുകൾ ശുചീകരിക്കുന്ന പ്രവർത്തനം ആരംഭിക്കും.

Heavy winter storm: Thousands of flights canceled in the United States

More Stories from this section

family-dental
witywide