ന്യൂജേഴ്സിയിൽ ഹെലികോപ്ടറുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് കത്തിയമർന്നു; ഒരു മരണം, പ്രദേശമാകെ കറുത്ത പുക – വിഡിയോ

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ ഹെലികോപ്ടറുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു മരണം. ഞായറാഴ്ച രാവിലെ 11:25-ഓടെ ന്യൂജേഴ്സിയിലെ ഹാമന്റണിലാണ് സംഭവം. അപകടത്തിൽ മരിച്ചത് ഒരു പൈലറ്റാണെന്നും മറ്റൊരു പൈലറ്റിന് മാരകമായി പരിക്കേൽക്കുകയും ചെയ്തുവെന്നുമാണ് വിവരം. രണ്ട് ഹെലികോപ്ടറുകളിലും പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്.

അപകടത്തിൽപ്പെട്ടത് ‘എൻസ്ട്രോം F-28A’ (Enstrom F-28A), ‘എൻസ്ട്രോം 280C’ (Enstrom 280C) എന്നീ വിഭാഗങ്ങളിൽപ്പെട്ട ഹെലികോപ്ടറുകളാണ്. കൂട്ടിയിടിച്ചതിനെത്തുടർന്ന് ഒരു ഹെലികോപ്റ്റർ കത്തിയമർന്നു, മറ്റൊന്ന് സമീപത്തെ വനപ്രദേശത്താണ് വീണത്. പൈലറ്റുമാർ സുഹൃത്തുക്കളാണെന്നും ഇവർ ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 35 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഹാമന്റൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് അപകടം നടന്നത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Helicopters collide in mid-air and burst into flames in New Jersey; one dead

More Stories from this section

family-dental
witywide