അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, രാത്രി വൈദ്യുതി വിഛേദിക്കും

ന്യൂഡല്‍ഹി : ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ അതീവജാഗ്രതയിലൂടെയാണ് കടന്നുപോകുന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടാതെ കശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധിയാണ്. സര്‍വകലാശാലകളും അവധി പ്രഖ്യാപിച്ചു. ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഡെലിവറികള്‍ താല്‍ക്കാലികമായി റദ്ദുചെയ്തു.

പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പഠാന്‍കോട്ട്, അമൃത്സര്‍, ജലന്തര്‍, ഹോഷിയാര്‍പുര്‍, മൊഹാലി, ഗുരുദാസ്പുര്‍, ചണ്ഡിഗഡ് എന്നീ ജില്ലകളില്‍ രാത്രി വൈദ്യുതി വിഛേദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 വരെ അടച്ചു. സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരിട്ടു ക്ലാസുകള്‍ നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഡെലിവറികള്‍ അതിര്‍ത്തി ജില്ലകളില്‍ താല്‍ക്കാലികമായി റദ്ദാക്കി. അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും തടയാന്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.
പഞ്ചാബില്‍ സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. 532 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 9 ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോണ്‍ സംവിധാനം വാങ്ങാന്‍ ശ്രമം തുടങ്ങിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് ആന്റി ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍, ബിക്കാനിര്‍, ജോധ്പുര്‍, ജയ്‌സല്‍മേര്‍, ബാര്‍മര്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടു. ബാര്‍മറിലും ജയ്‌സല്‍മേറിലും രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെയും ജോധ്പുരില്‍ രാത്രി 12.30 മുതല്‍ പുലര്‍ച്ചെ 4 വരെയും വൈദ്യുതി മുടങ്ങും. ബിക്കാനിറിലും ശ്രീഗംഗാനഗറിലും പടക്കങ്ങളും ഡ്രോണ്‍ പറത്തലും നിരോധിച്ചിട്ടുണ്ട്. ജോധ്പുര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ ഇന്നുവരെ നിര്‍ത്തി.

ഗുജറാത്തിലെ തീരദേശങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കിയിട്ടുണ്ട്. തീരദേശഗ്രാമങ്ങളിലും ബോട്ട് ലാന്‍ഡിങ് പോയിന്റുകളിലും പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തവും അടിയന്തര മരുന്നുകളും സംഭരിക്കാനും ഇന്ധന പമ്പുകളോടു കരുതല്‍ശേഖരം നിലനിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദ് സ്റ്റേഷനില്‍ ബാഗേജ് പരിശോധന കര്‍ശനമാക്കി.

അതേസമയം, ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി. രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി രൂപ ഐഎംഎഫ് അനുവദിച്ചു. ഐഎംഎഫ് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളില്‍ നിന്നും വിട്ടു നിന്നിരുന്നു.

More Stories from this section

family-dental
witywide