
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊലപ്പെടുത്തിയ കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ മേഖലയിൽ അതീവ ജാഗ്രത. കടുവയെ കണ്ടെത്താൻ പ്രദേശത്ത് വനംവകുപ്പ് പരിശോധന ഊർജ്ജിതമാക്കി. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. കടുവയെ കണ്ടാൽ ഉടനെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എഡിഎം കെ ദേവകി അറിയിക്കുകയും ചെയ്തു. ഓപ്പറേഷന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായും വെടിവെക്കാനുള്ള ഉത്തരവ് നല്‍കിയതായും എഡിഎം മാധ്യമങ്ങളോട് പറഞ്ഞു. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് എ.ഡി.എം. ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
അതിനിടെ പ്രദേശത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുളള നിർദ്ദേശം. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയർമാൻ നിർദ്ദേശിച്ചു. പ്രദേശത്ത് വാഹനത്തിൽ പൊലീസ് അനൗൺസ്മെൻറ് ആരംഭിച്ചു. ബേസ് ക്യാമ്പിൽ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയിൽ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി. പൊലീസ് അകമ്പടിയിലാണ് നാട്ടുകാരെ മാറ്റുന്നത്.
നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് അറിയിച്ചു.
അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ
ടോൾ ഫ്രീ നമ്പർ :112തലപ്പുഴ പോലീസ് സ്റ്റേഷൻ :049-352-56262ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ :9497947334മാനന്തവാടി പോലീസ് സ്റ്റേഷൻ : 04935 240 232ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ :9497987199