മണിക്കൂറുകൾക്കകം ഹൈക്കമാൻഡ് പ്രഖ്യാപിച്ചു, ആര്യാടൻ ഷൗക്കത്ത് തന്നെ നിലമ്പൂരിലെ സ്ഥാനാർഥി; പിന്തുണച്ച് ജോയ്, സർവ്വ സജ്ജമെന്ന് സതീശൻ; അൻവറിന്‍റെ തീരുമാനം എന്താകും?

മലപ്പുറം: നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ ഉയർത്തിയ സമ്മർദ്ദങ്ങൾ തള്ളിക്കളഞ്ഞ് ആര്യാടൻ ഷൗക്കത്തിനെ യു ഡി എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കെ പി സി സിയും കേരളത്തിലെ യു ഡി എഫ് നേതാക്കളും ഒന്നിച്ചെടുത്ത തീരുമാനം മണിക്കൂറുകൾക്കുള്ളിൽ അംഗീകരിച്ചുകൊണ്ട് ഹൈക്കമാൻഡ് ഇത് സംബന്ധിച്ച അറിയിപ്പും പുറത്തിറക്കി. സാമുദായിക പരിഗണനയും ഷൗക്കത്തിന് അനുകൂലമാണെന്നതടക്കമുള്ള വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ആര്യാടൻ ഷൗക്കത്തിൻ്റെ പേര് മാത്രമാണ് ഹൈക്കമാൻഡിനെ അറിയിച്ചത്. ഉച്ചയോടെ നേതൃയോഗം ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മലപ്പുറം ഡി സി സി അധ്യക്ഷനും സ്ഥാനാർഥി പട്ടികയിലെ മറ്റൊരു പ്രമുഖനുമായിരുന്ന വി എസ് ജോയിയെ അറിയിക്കുകയും ചെയ്തു. നേതൃത്വത്തിന്‍റെ തീരുമാനം ജോയി അംഗീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ ജോയി, ഷൗക്കത്തിന് വോട്ട് തേടി രംഗത്തെത്തുകയും ചെയ്തു.

യു ഡി എഫ് ഒറ്റക്കെട്ടാണെന്നും നിലമ്പൂരിൽ ജയിക്കാൻ സർവ്വ സജ്ജമായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പി വി അൻവറിനെയടക്കം ഒപ്പം നിർത്തുമെന്നും നിലമ്പൂരിൽ ചരിത്ര ജയം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. അൻവറിന്റെ റോൾ എന്തെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം അൻവറിന്‍റെ നിലപാട് എന്താകുമെന്നത് കണ്ടറിയണം. അൻവറിനെ പിണക്കാതെ ഒപ്പം കൂട്ടാം എന്നാണ് യു ഡി എഫ് കരുതിയിരുന്നതെങ്കിലും ഇന്ന് രാവിലെയുള്ള അൻവറിന്‍റെ പ്രസ്താവന കാര്യങ്ങൾ കൈവിടുന്ന നിലയിലാക്കിയിരുന്നു. ആരെയെങ്കിലും എം എൽ എ ആക്കാനല്ല താൻ രാജിവച്ചതെന്ന് പറഞ്ഞ അൻവർ, മത്സര സാധ്യതയും രാവിലെ മുന്നോട്ടുവച്ചിരുന്നു. ഇതോടെയാണ് അൻവറിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് യു ഡി എഫ് നേതൃത്വത്തെ എത്തിച്ചത്. ആര്യാടൻ ഷൗക്കത്തിനെ യു ഡി എഫ് സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് അൻവർ പങ്കുവച്ചിരുന്നത്. ഈ സാഹചര്യത്തിൽ അൻവർ സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള സാധ്യതയും ഏറുകയാണ്. നിലമ്പൂരില്‍ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ‘തള്ളുകയും വേണ്ട കൊള്ളുകയും വേണ്ട’ എന്നായിരുന്നു രാവിലെ അന്‍വർ നൽകിയ മറുപടി. ബാക്കിയെല്ലാം കാത്തിരുന്ന് കാണേണ്ടിവരും.

More Stories from this section

family-dental
witywide