വേടന് വിദേശ സംഗീത പരിപാടികൾക്ക് ഹൈക്കോടതി അനുമതി; ജാമ്യവ്യവസ്ഥകളിൽ ഇളവ്

കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ ജാമ്യവ്യവസ്ഥകൾ ലംഘിക്കാതെ വിദേശ സംഗീത പരിപാടികൾക്ക് പോകാൻ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ഹൈക്കോടതി അനുമതി നൽകി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി ഏർപ്പെടുത്തിയ ‘സംസ്ഥാനം വിട്ടുപോകരുത്’ എന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് ഉത്തരവ്. നവംബർ 11ന് ദുബായ്, 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, 20ന് ജർമനി എന്നിങ്ങനെ നിശ്ചയിച്ച സ്റ്റേജ് ഷോകൾക്കാണ് അനുമതി.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര കേസ്. ദലിത് സംഗീത പഠനത്തിന്റെ ഭാഗമായി സമീപിച്ചപ്പോൾ ലൈംഗികാതിക്രമം കാണിച്ചെന്ന ഗവേഷക വിദ്യാർഥിനിയുടെ പരാതിയിലും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇരു കേസുകളിലും മുൻകൂർ ജാമ്യം ലഭിച്ചിരുന്നെങ്കിലും സെഷൻസ് കോടതി കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി.

വിദേശയാത്രാ നിരോധനം ജീവിക്കാൻ ഉള്ള അവകാശത്തിന്റെ ലംഘനമാണെന്നും, വ്യവസ്ഥകൾ നീക്കിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നും വേടൻ വാദിച്ചു. സെഷൻസ് കോടതി ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചു. ‘എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം’ എന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ച കോടതി, യാത്രാ വിശദാംശങ്ങൾ പൊലീസിന് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു.

അന്വേഷണം തുടരുന്നതിനിടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്ന വാദം കോടതി പരിഗണിച്ചു. നേരത്തെ ഗവേഷക വിദ്യാർഥിനി കേസിലും സമാന ഇളവ് ഹൈക്കോടതി അനുവദിച്ചിരുന്നു.

More Stories from this section

family-dental
witywide