
കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തിൽ എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു. ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് സിനിമയിൽ ജാനകിയെന്നും അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡ് വാദം. ജാനകി എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു.
വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിനൽ ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെ തുടർന്നാണ് പ്രദർശനാനുമതി ലഭിക്കാതിരുന്നത്. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.