
തിരുവനന്തപുരം: രണ്ട് സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസലറായ ഗവർണർ നൽകിയ അപ്പീലിൽ ഇന്ന് വിധി പറഞ്ഞ ഹൈക്കോടതി, താൽക്കാലിക വൈസ് ചാൻസലർ നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കി. ഗവർണറുടെ ഹർജി തള്ളിക്കൊണ്ടുള്ള ഈ വിധി സംസ്ഥാന സർക്കാരിന് വലിയ അനുഗ്രഹവും ഗവർണർക്ക് വലിയ പ്രഹരവുമാണ്. കെ ടി യു, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസർമാരുടെ നിയമനമാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ സിസ തോമസും കെ ശിവപ്രസാദും പുറത്താകും.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീലിൽ, നിയമനാധികാരം ചാൻസലർക്ക് സ്വതന്ത്രമായി ഉപയോഗിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർവകലാശാലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്ന് യോഗ്യരായ വ്യക്തികളെ നിയമിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിധി സർവകലാശാലകളിലെ നിയമന വിവാദങ്ങളിൽ സുപ്രധാനമായ ഇടപെടലായാണ് കണക്കാക്കപ്പെടുന്നത്.