
കൊച്ചി: തൃശൂരിലെ ലുലു മാൾ പദ്ധതിക്കായി ഭൂമി തരം മാറ്റിയ റവന്യൂ ഡിവിഷണൽ ഓഫീസറുടെ (ആർഡിഒ) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഈ വിധി. ലുലു ഗ്രൂപ്പിന്റെ ഭൂമി തരം മാറ്റാനുള്ള അപേക്ഷ വീണ്ടും പരിഗണിക്കാൻ ആർഡിഒയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. ഭൂമി തരംമാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് നാല് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ചട്ടപ്രകാരം ഭൂമി പരിശോധിച്ച് കൃഷി ഓഫീസർ നൽകുന്ന റിപ്പോർട്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തിൽ നിന്ന് ആധികാരികമായ റിപ്പോർട്ട് തേടണമെന്നും കോടതി വ്യക്തമാക്കി. അപേക്ഷയിൽ നാല് മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ ഭൂമി തരം മാറ്റത്തിനായി ലുലു ഗ്രൂപ്പ് അടച്ച ഫീസ് തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു. ഈ വിധി ലുലു മാൾ പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അതിനിടെ തൃശൂരിലെ ലുലുമാൾ വിവാദത്തിൽ ഒടുവിൽ വ്യക്തമായ നിലപാടെടുത്ത് സിപിഐ നേതൃത്വം രംഗത്തെത്തി. മാൾ വരുന്നത് നിലം നികത്തിയ ഭൂമിയിലെന്ന് ഹർജി നൽകിയ പ്രാദേശിക നേതാവ് ടി എൻ മുകുന്ദന് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂസഫലിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും നെൽവയൽ സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കാനാവില്ലെന്നും സി പി ഐ സംസ്ഥാന കൗൺസിൽ വ്യക്തമാക്കി.