സെൻസർ ബോർഡിന്റെ 15 വെട്ടിൽ തീരുമാനമെന്ത്?ഹാൽ സിനിമ നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി; താമരശ്ശേരി ബിഷപ്പിന്റെ കക്ഷിച്ചേരൽ അനുവദിച്ചേക്കും

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ‘ഹാൽ’ സിനിമ ഹൈക്കോടതി നേരിട്ട് കാണുമെന്ന് ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് തീരുമാനിച്ചു. ഹർജിയിലെ കക്ഷികളുടെ അഭിഭാഷകർക്കൊപ്പം കോടതി സിനിമ കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചൊവ്വാഴ്ച തീരുമാനിക്കും. നവാഗത സംവിധായകൻ വീര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയിൻ നിഗം നായകനാണ്. സിനിമയുടെ ഉള്ളടക്കം മതസൗഹാർദത്തിന് ഭീഷണിയാണെന്ന ആരോപണത്തെത്തുടർന്ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹർജി നൽകിയിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്നും താമരശ്ശേരി ബിഷപ്പിനെ ലൗ ജിഹാദിന്റെ പിന്തുണക്കാരനായി ചിത്രീകരിച്ചതായും ആരോപണമുയർന്നു.

സിനിമയെ എതിർത്ത് കക്ഷി ചേരാനുള്ള താമരശ്ശേരി ബിഷപ്പിന്റെ ആവശ്യത്തെ നിർമാതാക്കൾ എതിർത്തില്ലെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പിന്റെ വ്യക്തിപരമായ യശസിനും രൂപതയ്ക്കും അപകീർത്തി വരുത്തുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ടയുണ്ടെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിക്കുന്നു. ഇതിനിടെ സെൻസർ ബോർഡ് (സിബിഎഫ്സി) 15 രംഗങ്ങളിൽ മാറ്റം വരുത്താൻ നിർദേശിച്ചിരുന്നു. ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമർശങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ബോർഡിന്റെ നിലപാട്.

ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നതിനൊപ്പം സിനിമയുടെ പ്രദർശന സ്ഥലവും തീയതിയും കോടതി നിശ്ചയിക്കും. മതസൗഹാർദം തകർക്കുന്ന ഉള്ളടക്കമാണ് ചിത്രത്തിലുള്ളതെന്ന ആരോപണങ്ങൾ ശക്തമായതോടെ കേസ് ശ്രദ്ധേയമായി. നിർമാതാക്കൾ മാറ്റങ്ങൾ വരുത്താൻ തയ്യാറാണോ എന്നതും കോടതി പരിശോധിക്കും. സമൂഹത്തിൽ വിവാദമുയർത്തിയ ചിത്രത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടൽ നിർണായകമാകും.

More Stories from this section

family-dental
witywide