
കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവർപേജിൽ പുകവലിക്കുന്ന ചിത്രം ഉൾപ്പെടുത്തിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നിർദേശമില്ലാതെ ചിത്രം ഉപയോഗിച്ചത് പുകയില നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ പ്രസാധകരും കേന്ദ്രവും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.
പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിർദ്ദേശം എല്ലായിടത്തും നൽകണമെന്നാണ് നിയമം. എന്നാൽ ഈ നിയമം പുസ്തക കവറിൽ പാലിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. എസ്. പ്രശാന്താണ് പുസ്തകത്തിനെതിരെ ഹർജി നൽകിയത്. ഈ മാസം 25 ന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പുകവലി പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ലംഘിക്കുന്നതായി ഹർജിക്കാരൻ വാദിക്കുന്നു.
അതേസമയം അമ്മ മേരി റോയിയെക്കുറിച്ചെഴുതിയ ഓർമ്മപുസ്തകം ‘മദർ മേരി കംസ് ടു മീ’ പുസ്തകത്തിന്റെ പ്രകാശനചടങ്ങ് മുതൽ ശ്രദ്ധേയമായിരുന്നു. ഗാസയോട് ഐക്യദാർഢ്യപ്പെടാതെ ഒരു വേദിയിലും സംസാരിക്കാനാകില്ലെന്നും ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രൊഫ. ജി എൻ സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്താണ് നാം ജീവിക്കുന്നതെന്നുമാണ് പ്രകാശ ചടങ്ങിൽ അരുന്ധതി പറഞ്ഞത്. കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ സ്ഥാപകയും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയുമൊരുക്കിയ അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓർമകളും അരുന്ധതി റോയ് പങ്കുവച്ചു.