
കൊച്ചി : എം എസ് സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഉത്തരവ്.
കപ്പലിൽനിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നായിരുന്നു കപ്പൽ കമ്പനിയുടെ വാദം. സർക്കാർ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തതിനെ തുടർന്ന് വിഴിഞ്ഞത്ത് എത്തിയ കപ്പൽ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.
മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എം എസ് സി എല്‍സ-3 കപ്പല്‍ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറുവെച്ചാണ് അപകടത്തില്‍പ്പെട്ടത്.