
കൊച്ചി: തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്‌ചത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി. പ്രദേശത്തെ ഗതാഗത കുരുക്കിന് നാലാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി പരിഹാരം കാണണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി വിധി.
ദേശീയപാത അതോറിറ്റിക്കെതിരെ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മാസം മുന്‍പ് രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. എത്രനാള്‍ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്നും കോടതി ചോദിച്ചു.
തകര്‍ന്ന ദേശീയപാതയിലെ ടോള്‍ പിരിവാണ് പ്രശ്‌നമെന്ന് പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, പൗരന്മാരാണ് ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്നും വിമര്‍ശിച്ചു. ഹർജികൾ ഇന്ന് കോടതി വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു നിര്‍ണായക ഉത്തരവുണ്ടായത്. മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്നും, ബദൽ സംവിധാനം എന്ന നിലയിൽ സർവീസ് റോഡ് ഒരുക്കിയിട്ടുണ്ടെന്നും ദേശീയപാതാ അതോറിറ്റി അറിയിക്കുകയും ചെയ്തു.
ഏതാനും കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാറും വിശദീകരിച്ചു.
തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കരാർപ്രകാരമുള്ള സൗകര്യങ്ങൾ നൽകാതെ ടോൾനിരക്ക് വർധിപ്പിക്കുന്നതിനെയടക്കമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.