ജെഎസ്കെയിലെ ‘ജാനകി’ വിവാദത്തിൽ സെൻസർ ബോർഡിനെ ചോദ്യമുനയിൽ നിർത്തി ഹൈക്കോടതി, ‘നാളെ രേഖാമൂലം വിശദീകരണം നൽകണം’

കൊച്ചി: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘ജെഎസ്കെ: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റണമെന്ന കേന്ദ്ര ഫിലിം സെൻസർ ബോർഡിന്റെ (സിബിഎഫ്സി) നിർദേശത്തിനെതിരെ കേരള ഹൈക്കോടതിയുടെ ചോദ്യങ്ങൾ. ‘ജാനകി’ എന്ന പേര് ഹിന്ദു ദേവതയായ സീതയെ സൂചിപ്പിക്കുന്നതിനാൽ ഇത് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ വാദം. എന്നാൽ, ‘സീതാ ഔർ ഗീതാ’, ‘രാം ലഖൻ’ തുടങ്ങിയ സിനിമകൾക്ക് സമാനമായ പേര് ഉപയോഗിച്ചിട്ടും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എൻ. നാഗരേഷ്, സെൻസർ ബോർഡിന്റെ നിലപാടിന്റെ യുക്തി ചോദ്യം ചെയ്തു.

മതപരമോ സാമുദായികമോ ആയ കാരണങ്ങളാൽ ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത് എന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിൽ എന്താണ് തെറ്റെന്ന് സെൻസർ ബോർഡ് പറയണം. സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് ഉത്തരവിടുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു. നാളെ വിഷയത്തിൽ സെൻസർ ബോർഡ് രേഖാമൂലം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ്സ്, സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂൺ 12 സമർപ്പിച്ച സിനിമയുടെ സെൻസർ സ്ക്രീനിങ് പൂർത്തിയായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി. ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിലും കഥാപാത്രത്തിന്റെ പേര് എന്ന നിലയിലും 96 തവണ ഉപയോഗിച്ചിട്ടുണ്ടെന്നും, ഇത് മാറ്റുന്നത് എഡിറ്റിങിന്റെ കാര്യത്തിൽ വലിയ വെല്ലുവിളിയാണെന്നും സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമയുടെ റിലീസ് വൈകുന്നത് ഏകദേശം 80 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തുന്നുവെന്നും നിർമാതാക്കൾ കോടതിയിൽ അവകാശപ്പെട്ടു.

സിനിമയുടെ പ്രമേയം ലൈംഗികാതിക്രമത്തിനിരയായ ഒരു സ്ത്രീയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ‘ജാനകി’ എന്ന പേര് ദേവതയുടെ പേര് ആയതിനാൽ ഇത്തരം കഥാപാത്രത്തിന് അനുയോജ്യമല്ലെന്നാണ് സെൻസർ ബോർഡിന്റെ വാദം. എന്നാൽ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (എഫ്ഇഎഫ്കെ), അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ), കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ‘ജാനകി’ എന്ന പേര് മാറ്റണമെന്ന നിർദേശം ഏകപക്ഷീയവും സർഗാത്മക സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഇവർ ആരോപിച്ചു. കേരളത്തിലെ സിനിമാ മേഖലയിൽ ഈ വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide