മാസപ്പടി കേസ്: നിരാശയില്ലെന്നും നിയമ പോരാട്ടം തുടരുമെന്നും കുഴൽനാടൻ, തിരിച്ചടിയല്ലെന്ന് സതീശൻ; ഉണ്ടയില്ലാ വെടിയെന്ന് ഗോവിന്ദൻ, രാജിവയ്ക്കണമെന്ന് ബാലൻ

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതോടെ പ്രതികരണങ്ങളുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. നിരാശയില്ലെന്നും നിയമയുദ്ധം തുടരുമെന്നുമാണ് ഹർജിക്കാരിലൊരാളായ മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചത്. കോടതിയില്‍ പറഞ്ഞതെല്ലാം തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. നിയമ പോരാട്ടത്തില്‍ നിരാശനല്ല. നിയമയുദ്ധം തുടരുമെന്നത് ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.

അതേസമയം മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന് മൊഴിയുണ്ട്. അങ്ങനെയെങ്കില്‍ പണം വന്നതെന്തിനെന്നും സതീശന്‍ ചോദിച്ചു.

പ്രതിപക്ഷത്തിന്‍റെ ഒരു ആരോപണം കൂടി തകര്‍ന്നിരിക്കുകയാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. മഴവില്‍സഖ്യത്തിന്റെ ആരോപണം തകര്‍ന്നു തരിപ്പണമായി. കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തന്നെ തള്ളിയിരിക്കുകയാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. പ്രതിപക്ഷം പൊളിഞ്ഞുപാളീസായെന്നാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. ഇതുപോലെയുള്ള നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു. മാസപ്പടി കേസ് ലാവലിന്‍ കേസ് പോലെ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയെന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍ പറഞ്ഞത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്യു കുഴല്‍ നാടന്‍ ഗൂഢാലോചനയില്‍ പെട്ടുപോയതാണെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാട് അപഹാസ്യമാണെന്നും എകെ ബാലന്‍ കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide