അധ്യാപകൻ കുട്ടികളെ തിരുത്തുന്നതിന്  ചൂരൽ ഉപയോഗിച്ചത് കുറ്റമല്ലെന്ന് ഹൈക്കോടതി; അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരം

കൊച്ചി: അധ്യാപകൻ സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി ചൂരൽ ഉപയോഗിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. സ്കൂളിൽ വെച്ച് തമ്മിൽതല്ലിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചൂരൽകൊണ്ട് അടിച്ചതിന് അധ്യാപകനെതിരെ പോലീസെടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനും ടീച്ചർക്ക് അധികാരമുണ്ടെന്നും കുട്ടിയുടെ ചുമതല അധ്യാപകനെ ഏൽപ്പിക്കുമ്പോൾ അത്തരമൊരു അധികാരവും രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്നും ജസ്റ്റിസ് സി.പ്രതീപ് കുമാർ പറഞ്ഞു.

അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് കേസിൽ അധ്യാപകൻ വാദിച്ചു. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകനൊന്ന് അടിച്ചാൽ തെറ്റില്ലെന്നും വഴക്കുണ്ടാക്കിയ കുട്ടികളുടെ കാലിനിട്ടാണ് അധ്യാപകൻ അടിച്ചത്. കുട്ടികൾക്ക് പരിക്കൊന്നും ഉണ്ടായില്ല. നല്ല പൗരന്മാരായി വളരാനുള്ള ശിക്ഷയായിട്ടെ അതിനെ കാണാനാകു. എന്നാൽ അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അധ്യാപകനെതിരെയുള്ള പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിലെ നടപടികൾ റദ്ദാക്കി.

2019 ലായിരുന്നു സംഭവം. പരസ്പ‌രം തുപ്പുകയും തുടർന്ന് വടി ഉപയോഗിച്ച് തമ്മിൽ തല്ലുകയുമായിരുന്ന മൂന്ന് കുട്ടികളെ അധ്യാപകൻ തടയുകയും മൂന്നു പേർക്കും കാലിൽ ചൂരലുകൊണ്ട് അടി കൊടുക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് നല്കിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുപി സ്കൂളിലെ അധ്യാപകൻ ഹൈക്കോടതിയിലെത്തിയത്.

More Stories from this section

family-dental
witywide