
കൊച്ചി: ബലാത്സംഗക്കേസിൽ പ്രശസ്ത റാപ്പർ വേടന് കേരള ഹൈക്കോടതിയിൽ ആശ്വാസം. വേടന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വിശദമായി പരിഗണിക്കുന്നതുവരെ അറസ്റ്റ് നടത്തരുതെന്നാണ് കോടതിയുടെ ഉത്തരവ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമായി കണക്കാക്കാനാകുമെന്ന് ചോദിച്ച കോടതി, പരാതിക്കാരിയുടെ വാദങ്ങളെ സംശയത്തോടെയാണ് നോക്കിക്കണ്ടത്.
“ബന്ധങ്ങളിൽ വിള്ളലുണ്ടാകുമ്പോൾ എല്ലാം ബലാത്സംഗമായി കണക്കാക്കാനാവില്ല, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനമെടുക്കൂ,” കോടതി വ്യക്തമാക്കി. വേടനെതിരെ മറ്റു കേസുകൾ ഉണ്ടെങ്കിൽ സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
പരാതിക്കാരി വേടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരിൽ സ്വാധീനമുള്ള വ്യക്തിയാണെന്നും പരാതിക്കാരി ആരോപിച്ചു. തന്റെ സമ്മതമില്ലാതെ നിർബന്ധപൂർവം ലൈംഗികാതിക്രമം നടത്തിയെന്നും അവർ കോടതിയിൽ വാദിച്ചു. എന്നാൽ, യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും, ബലാത്സംഗ ആരോപണം തെറ്റാണെന്നും വേടൻ വാദിച്ചു.
മറ്റു പരാതികൾ നിയമത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ വേടനെതിരെ രണ്ട് പരാതികൾ കൂടി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രീം കോടതി വിധികളും വേടന്റെ അഭിഭാഷകർ കോടതിയിൽ എടുത്തുപറഞ്ഞു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വിശദമായി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.












