
കൊച്ചി: നടി ശ്വേതാ മേനോനെതിരെ അശ്ലീല വേഷങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ എഫ്‌ഐആറും കോടതി താൽക്കാലികമായി റദ്ദാക്കി. കീഴ്‌ക്കോടതി നടപടിക്രമങ്ങൾ ശരിയായി പാലിക്കാതിരുന്നതിനാലും മജിസ്‌ട്രേറ്റ് തിടുക്കം കാട്ടിയതിനാലുമാണ് ഈ തീരുമാനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതി പൊലീസിന് കൈമാറുന്നതിന് മുമ്പ് ജഡ്ജി ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ മജിസ്‌ട്രേറ്റിനോട് വിശദീകരണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. പരാതിക്കാരനായ മാർട്ടിൻ മേനാച്ചേരിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ ഉയർന്ന ഈ പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്ന് ശ്വേത വാദിച്ചു. എഫ്‌ഐആറിലെ വിശദാംശങ്ങൾ ബാലിശമാണെന്നും താരം കോടതിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.