‘ഉയർന്ന സ്ഫോടക ശേഷിയുള്ള റഷ്യൻ ഡ്രോൺ ചെർണോബിൽ ആണവ റിയാക്‌ടറിന്റെ ഷെല്ലിൽ ഇടിച്ചു’; വീഡിയോ പങ്കുവെച്ച് സെലെൻസ്കി

കീവ്: റഷ്യൻ ഡ്രോൺ ചെർണോബിൽ റിയാക്ടറിൽ നിന്നുള്ള ആണവ വികിരണം തടയുന്ന സംരക്ഷണ കവചത്തിൽ ഇടിച്ചെന്ന് യുക്രൈൻ. ഉയർന്ന സ്ഫോടക ശേഷിയുള്ള റഷ്യൻ ഡ്രോൺ ഇടിച്ചെന്നാണ് യുക്രൈൻ പറയുന്നത്. എന്നാൽ, റേഡിയേഷൻ സാധാരണ നിലയിലാണെന്നും യുക്രേനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ സെലെൻസ്‌കി ‘എക്സി’ൽ പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തിൽ പവർ പ്ലാന്റിന്റെ ഉപരി ഘടനക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും തീ പടർന്നെങ്കിലും അത് അണയ്ക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ, സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രാദേശിക സമയം പുലർച്ചെ 1.50നാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് യുഎൻ ആറ്റോമിക് ഏജൻസിയും അറിയിച്ചു. റേഡിയേഷൻ അളവ് വർധിച്ചിട്ടില്ലെന്നും അകത്തെ കണ്ടെയ്നറിന് തകരാറുകൾ സംഭവിച്ചതിന്‍റെ സൂചനയില്ലെന്നുമാണ് ഏജൻസിയുടെ വിശദീകരണം.

ആണവ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിന് കാരണമായ, 1986ൽ പൊട്ടിത്തെറിച്ച പ്ലാന്റിന്റെ നാലാമത്തെ റിയാക്ടറിന് ചുറ്റും നിർമിച്ച സംരക്ഷണ കവചമാണിത്. ഉപേക്ഷിക്കപ്പെട്ട റിയാക്ടറിൽ അവശേഷിക്കുന്ന റേഡിയോ വികിരണം അന്തരീക്ഷത്തിലേക്ക് വരുന്നത് പരിമിതപ്പെടുത്തുന്നതിനാണ് 2016ൽ ഷെൽ നിർമിച്ചത്.

More Stories from this section

family-dental
witywide