ഡൽഹി: സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും വലിയ തൊഴിൽ പരിഷ്കാരമായി കേന്ദ്രസർക്കാർ വിശേഷിപ്പിച്ച് 29 പഴയ തൊഴിൽ നിയമങ്ങൾക്ക് പകരം നാല് പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിൽ വന്നു. കോഡ് ഓൺ വേജസ് (2019), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (2020), കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (2020), ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (2020) എന്നിവയാണ് പുതിയ കോഡുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിഷ്കാരത്തെ ‘തൊഴിലാളികളുടെ ക്ഷേമത്തിനുള്ള വലിയ ചുവടുവയ്പ്പ്’ എന്ന് വിശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമഗ്ര പരിഷ്കരണം എന്നും മോദി വിശേഷിപ്പിച്ചു. ഈ കോഡുകൾ പഴയ ബ്രിട്ടീഷ് കൊളോണിയൽ കാല നിയമങ്ങളെ ഏകീകരിച്ച് ആധുനിക സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുയോജ്യമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
പുതിയ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് പ്രത്യേക അവസരങ്ങൾ ഉറപ്പാക്കുന്നു. അവരുടെ താൽപര്യം പരിഗണിച്ച് എല്ലാ മേഖലകളിലും, ഖനി മേഖലയിലടക്കം, രാത്രികാല ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നു. എല്ലാ തൊഴിലാളികൾക്കും നിയമന ഉത്തരവുകൾ നിർബന്ധമാക്കുകയും, മിനിമം വേതനം കൃത്യസമയത്ത് നൽകുകയും, ഇഎസ്ഐ, പിഎഫ് പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ വിപുലീകരിക്കുകയും ചെയ്യുന്നു. 40 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന സൗജന്യമായി ലഭിക്കും. ഗിഗ് വർക്കേഴ്സ്, മൈഗ്രന്റ് തൊഴിലാളികൾ, അസംഘടിത മേഖല എന്നിവർക്ക് പോർട്ടബിൾ ബെനിഫിറ്റുകൾ ഉറപ്പാക്കുന്നതോടെ സോഷ്യൽ സെക്യൂരിറ്റി കവറേജ് 2015-ലെ 19 ശതമാനത്തിൽ നിന്ന് 2025-ൽ 64 ശതമാനത്തിലെത്തിയിരിക്കുന്നു.
കരാർ ജീവനക്കാർ, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾ എന്നിവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് രജിസ്ട്രേഷൻ നടപടികൾ ലഘൂകരിച്ചു. രാജ്യവ്യാപകമായി ഒരു രജിസ്ട്രേഷൻ മാത്രം മതി, ഇത് തൊഴിലുടമകൾക്ക് സൗകര്യപ്രദമാക്കുന്നു. തൊഴിൽ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി സൗഹൃദ നിയമങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന ഈ കോഡുകൾ ആഗോള മാനദണ്ഡങ്ങളുമായി ചേർന്ന് ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തെ സഹായിക്കുമെന്ന് ലേബർ മന്ത്രാലയം അറിയിച്ചു. ഗ്രാറ്റ്യൂയിറ്റി, മെഡിക്കൽ ലീവ് പോലുള്ള അവകാശങ്ങൾ വിപുലീകരിക്കുന്നു.
എന്നാൽ പ്രതിപക്ഷം ഈ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർത്തി. രാജ്യവ്യാപക പണിമുടക്കുകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച് ‘തൊഴിലാളി അവകാശങ്ങൾ ദുർബലപ്പെടുത്തുന്നു’ എന്ന് ആരോപിച്ചു. നിയമങ്ങൾ ലളിതമാക്കുന്നതിലൂടെ സംഘടിത മേഖലയിലെ സംരക്ഷണങ്ങൾ ഇല്ലാതാകുമെന്നും, അസംഘടിത മേഖല പൂർണമായി പുറത്താകുമെന്നും, തൊഴിലുടമകൾ നിയമത്തെ ദുർബലമാക്കുമെന്നും വിമർശനമുണ്ട്. സർക്കാർ ഈ എതിർപ്പുകൾ അവഗണിച്ച് ശൈത്യകാല സമ്മേളനത്തിന് മുൻപ് നിർണായ നീക്കം നടത്തിയത് രാഷ്ട്രീയ വിവാദമായി മാറി.














