
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള പ്രാദേശിക സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ ശ്രദ്ധാപൂര്‍വ്വം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളെ വേട്ടയാടാന്‍ പാകിസ്ഥാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പഹല്‍ഗാം വിഷയത്തില്‍ വാന്‍സിന്റെ പ്രതികരണം എത്തിയത്.
‘ഇന്ത്യ ഈ ഭീകരാക്രമണത്തോട് വിശാലമായ ഒരു പ്രാദേശിക സംഘര്‍ഷത്തിലേക്ക് നയിക്കാത്ത വിധത്തില്‍ പ്രതികരിക്കണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ ഫോക്‌സ് ന്യൂസിന്റെ ‘സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് വിത്ത് ബ്രെറ്റ് ബെയര്‍’ ഷോയില്‍ വാന്‍സ് പറഞ്ഞു.
2019-ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു പഹല്‍ഗാമില്‍ നടന്നത്. 25 വിനോദസഞ്ചാരികളുടെയും ഒരു കശ്മീരിയുടേയും ജീവന്‍ അപഹരിച്ച പഹല്‍ഗാം ഭീകരാക്രമണ സമയത്ത് വാന്‍സും കുടുംബവും നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം എക്‌സിലൂടെ ആക്രമണത്തെ അപലപിക്കുകയും ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.