പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു, സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; ആവശ്യമെങ്കിൽ തിരിച്ചടിക്കാന്‍ സേനകൾക്ക് നിര്‍ദ്ദേശം നൽകിയെന്നും വിക്രം മിസ്രി

ഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാകിസ്താന്‍ ലംഘിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് രാത്രി അടിയന്തരമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് പാകിസ്താന്‍ പ്രകോപനം തുടങ്ങിയതെന്നും വിദേശകാര്യ സെക്രട്ടറി ചൂണ്ടികാട്ടി. ഇന്ത്യ ഈ വിഷയം വളരെ വളരെ ഗൗരവമായി എടുക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ വിദേശകാര്യ സെക്രട്ടറി പാകിസ്ഥാനോട് സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഇന്ത്യയുടെയും പാകിസ്താന്റേയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ധാരണയുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ നടക്കുന്നുണ്ട്. ധാരണയുടെ ലംഘനമാണിത്. സായുധ സേന ഈ ലംഘനങ്ങള്‍ക്ക് മതിയായതും ഉചിതവുമായ പ്രതികരണം നല്‍കുന്നുണ്ടെന്നും ഈ ലംഘനങ്ങളെ വളരെ ഗൗരവമായി കാണുന്നു. അവ പരിഹരിക്കുന്നതിനും സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നതിനും പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ ആവശ്യമെങ്കിൽ തിരിച്ചടിക്കാന്‍ സേനക്ക് നിര്‍ദേശം നല്‍കിയതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും പാകിസ്താന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു.

More Stories from this section

family-dental
witywide