
ന്യൂഡൽഹി: പൊതുമേഖലാ എണ്ണ കമ്പനിയായ എച്ച്പിസിഎൽ-മിത്തൽ എനർജി റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയുടെ എണ്ണ കമ്പനികൾക്ക് മേൽ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവ കഴിഞ്ഞയാഴ്ച ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നീക്കം. പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലിന്റെ മിത്തൽ എനർജിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് എച്ച്പിസിഎൽ-മിത്തൽ എനർജി (എച്ച്എംഇഎൽ). റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ റിഫൈനർ കൂടിയാണ് എച്ച്എംഇഎൽ.
ഡെലിവറി അടിസ്ഥാനത്തിലാണ് കമ്പനി റഷ്യൻ എണ്ണ വാങ്ങിയതെന്നും, അതായത് വിതരണക്കാരനാണ് ഷിപ്പിംഗ് ക്രമീകരണങ്ങൾ നടത്തിയതെന്നും കമ്പനി വ്യക്തമാക്കി. റഷ്യയിലെ മർമാൻസ്കിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലൂടെയും മെഡിറ്ററേനിയൻ കടലിലൂടെയും ചരക്ക് കടത്തിയ കപ്പലുകളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും പക്ഷേ ഒടുവിൽ ഇന്ത്യൻ തുറമുഖങ്ങളിൽ എണ്ണ എത്തിച്ച കപ്പലുകൾ ഉപരോധത്തിൽപ്പെട്ടവ അല്ലെന്നും കമ്പനി വ്യക്തമാക്കി.
‘ എച്ച്പിസിഎൽ-മിത്തൽ എനർജി എപ്പോഴും സർക്കാർ നയങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് പ്രവർത്തിക്കുന്നത്, കമ്പനി നടത്തുന്ന എല്ലാ ഇടപാടുകളും ഷിപ്പിംഗ് ഡെലിവറികളുടെ സ്വീകാര്യതയും കൃത്യമായ ജാഗ്രതയ്ക്കും നിയമാനുസൃത നടപടിക്രമങ്ങൾക്കും വിധേയമാണ്.”- ബുധനാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ എണ്ണ ഉൽപാദനത്തിന്റെയും കയറ്റുമതിയുടെയും പകുതിയിലധികവും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികവും വഹിക്കുന്ന റഷ്യൻ എണ്ണ ഭീമൻമാരായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ കഴിഞ്ഞ ആഴ്ചയാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഗണ്യമായി കുറയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എണ്ണക്കമ്പനികളുടെ നീക്കം.
HPCL-Mittal Energy says it is temporarily halting oil imports















