ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; വെള്ളവും ഭക്ഷണവും കിട്ടാതെ15 മണിക്കൂർ കാത്തുനിന്ന് ഭക്തർ, മലകയറവെ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് ഏറുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീണ് ഭക്ത മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സതി (58) എന്ന ഭക്തയാണ് മരിച്ചത്. അതേസമയം, 15 മണിക്കൂറായി വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തർ ക്യു നിൽക്കുന്ന അവസ്ഥയാണ്. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ് വലയുകയാണ്. മല കയറാനായി മരക്കൂട്ടം മുതൽ ക്യൂ നിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളമെന്ന് ഭക്തർ പറഞ്ഞു.

ശബരിമലയിൽ ദർശനത്തിന് കോടതി അനുമതി നൽകിയത് 90000 തീർത്ഥാടകർക്കാണ്. എന്നാൽ ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തി 7000 പേരാണ്. തൽസമയ ബുക്കിംഗും താളം തെറ്റിയിരുന്നു. 20000 പേർക്കായിരുന്നു തൽസമയ ബുക്കിംഗ് അനുവദിച്ചിരുന്നത്. ഇരട്ടിയിലധികം പേർ തത്സമയ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്.

സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും ഇനി പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.

ശബരിമലയിൽ കേന്ദ്രസേനകളെ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ കേന്ദ്രം നടപടി എടുത്തിട്ടില്ല. മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF , RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവാണ് കേന്ദ്രം തെറ്റിച്ചിരിക്കുന്നത്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം. അതേസമയം, ശബരിമല ദർശനം ലഭിക്കാതെ നിരവധി ഭക്തർ തിരികെ മടങ്ങുകയാണ്.

Huge crowd of devotees at Sabarimala; Devotees wait for 15 hours without getting water and food

More Stories from this section

family-dental
witywide