
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പേരില്‍ ഇന്ത്യയില്‍ വന്‍ തട്ടിപ്പ്. കര്‍ണ്ണാടകയില്‍ 150-ലധികം പേരില്‍ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ സഹായം തേടി നിരവധി ഇരകള്‍ ഇപ്പോള്‍ പൊലീസിനെ സമീപിച്ചു.
ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബെംഗളൂരു, മംഗളൂരു, ഹാവേരി എന്നിവിടങ്ങളിലടക്കം സംസ്ഥാനത്തുടനീളമാണ് തട്ടിപ്പ് നടന്നത്. ‘ട്രംപ് ഹോട്ടല്‍ റെന്റല്‍’ എന്ന ആപ്പ് ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഇരകളെ സ്വാധീനിച്ച് അവരുടെ നിക്ഷേപം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരകളുടെ വിശ്വാസം നേടിയെടുക്കാനായി അവര്‍ യുഎസ് പ്രസിഡന്റിന്റെ എഐയില്‍ സൃഷ്ടിച്ച വീഡിയോയും പ്രചരിപ്പിച്ചു. ചില മാര്‍ക്കറ്റിംഗ് കമ്പനികള്‍ സുരക്ഷിതമാണ് എന്ന് ട്രംപ് പറയുന്ന വീഡിയോകളാണ് ഇവര്‍ പ്രചരിപ്പിച്ചത്.
പണം നിക്ഷേപിച്ചാല്‍ തുക ഇരട്ടിപ്പിക്കാമെന്നും വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അവസരവും തട്ടിപ്പു വീരന്മാര്‍ വാഗ്ദാനം ചെയ്തിരുന്നു. അക്കൗണ്ടുകള്‍ തുടങ്ങാന്‍ 1,500 രൂപ നല്‍കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നു.










