അന്തമാൻ കടലിൽ വൻ വാതകശേഖരം; ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡൽഹി: അന്തമാൻ കടലിൽ വൻതോതിൽ പ്രകൃതിവാതക സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണത്തിന് ഇത് വലിയ ഉത്തേജനമാകുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി’ ‘എക്സി’ലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 295 മീറ്റർ ജലനിരപ്പിലും 2,650 മീറ്റർ ആഴത്തിലുമായാണ് അന്തമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 17 കിലോമീറ്റർ അകലെയുള്ള ശ്രീ വിജയപുരത്ത് വൻതോതിൽ പ്രകൃതിവാതകശേഖരം കണ്ടെത്തിയതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

2,212-നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാഥമിക ഉത്പാദന പരിശോധനയിൽ പ്രകൃതിവാതകത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു ഇടവിട്ടുള്ള ജ്വാലകൾ ദൃശ്യമായി. വാതക സാമ്പിളുകൾ കാക്കിനഡയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ അതിൽ 87 ശതമാനം മീഥേൻ ആണെന്ന് കണ്ടെത്തി. വാതകശേഖരത്തിൻ്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യസാധ്യതയും വരുംമാസങ്ങളിൽ സ്ഥിരീകരിക്കും. വടക്ക് മ്യാൻമർ മുതൽ തെക്ക് ഇന്തോനേഷ്യ വരെയുള്ള കണ്ടെത്തലുകൾക്ക് സമാനമായി ആന്തമാൻ തടം പ്രകൃതിവാതക സമ്പന്നമാണെന്ന വിശ്വാസം ഉറപ്പിക്കുന്നുവെന്നു പോസ്റ്റിൽ പറയുന്നു.

ഒന്നിലധികം ആഴക്കടൽ കിണറുകളിലൂടെ ഓഫ്ഷോർ ഹൈഡ്രോ കാർബൺ ശേഖരം പര്യവേക്ഷണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. @petrobras, @bp_india, @Shell, @exxonmobil പോലുള്ള ആഗോള ആഴക്കടൽ പര്യവേക്ഷണ വിദഗ്‌ധരുമായി സഹകരിച്ച് ഞങ്ങളുടെ പര്യവേക്ഷണ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ പ്രകൃതിവാതക സാന്നിധ്യം സഹായിക്കും. ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്നും പോസ്റ്റിൽ പുരി പറഞ്ഞു.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് പുരിയുടെ ഈ പ്രഖ്യാപനം. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ ഏകദേശം 85 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെ ആയതിനാൽ, ഈ പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ ഇന്ത്യയെ സ്വയംപര്യാപ്‌തതയിലേക്ക് നയിക്കും.

More Stories from this section

family-dental
witywide