ബെംഗളൂരു: കര്‍ണാടകയില്‍ സ്വര്‍ണത്തിന്റെയും ധാതുക്കളുടെയും ശേഖരം കണ്ടെത്തി. കര്‍ണാടകയിലെ കൊപ്പല്‍, റായ്ച്ചൂര്‍ എന്നിവിടങ്ങളിൽ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പര്യവേഷണത്തിലാണ് ഇവ കണ്ടെത്തിയത്. സ്വര്‍ണത്തിന് പുറമെ വലിയ അളവില്‍ ലിഥിയവും കണ്ടെത്തി. എന്നാല്‍ ഈ പ്രദേശങ്ങള്‍ സംരക്ഷിത വനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഖനനവും മറ്റ് വിശദമായ പരിശോധനകളും അനിശ്ചിതത്വത്തിലാണ്.
കൊപ്പല്‍ ജില്ലയിലെ അമ്രാപൂര്‍ ബ്ലോക്കില്‍ ഒരോ ടണ്‍ ഖനികളില്‍ നിന്നും 12 മുതല്‍ 14 ഗ്രാം സ്വര്‍ണം വരെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു ടണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ അളവ് രണ്ട് മുതല്‍ മൂന്ന് ഗ്രാം വരെയാണ്. എന്നാല്‍ കൊപ്പല്‍ ഗ്രാമത്തിലെ ഈ വനപ്രദേശം അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബോക്‌സൈറ്റ്, ചെമ്പ്, കൊബാള്‍ട്ട്, നിക്കല്‍, വനേഡിയം, യുറേനിയം, വജ്രം, മാംഗനീസ് എന്നിവയുള്‍പ്പെടെ അപൂര്‍വ ധാതുക്കളും മൂലകങ്ങളുമാണ് ഈ സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവുകയെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്.
ജമ്മു കശ്മീരിന് ശേഷം ലിഥിയം കണ്ടെത്തുന്ന ഏക പ്രദേശമാണ് കർണാടകയിലെ റായ്ച്ചൂർ. 2023ല്‍ തന്നെ കര്‍ണാടകയില്‍ ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഖനനം സാധ്യമല്ലാത്തതിനാല്‍ അതിന്റെ സാധ്യതകളിലേക്ക് കടക്കാനായില്ല. ഇവിടെയും വനത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ലിഥിയം വേര്‍തിരിച്ചെടുക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കര്‍ണാടക മാറുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുമായി കര്‍ണാടകയിലെ ധാതു ശേഖരത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഖനനം തുടങ്ങുന്ന കാര്യത്തില്‍ ഇനിയും അനിശ്ചിതത്വം തുടരുകയാണെന്നും ജിയോളജി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ലിഥിയം ഖനനം ചെയ്യുന്നതിനുള്ള അനുമതിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വലിയ സമ്മര്‍ദമാണുള്ളതെന്ന് ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയപ്പോള്‍ മുതല്‍ വര്‍ഷങ്ങള്‍ കഴിയുംതോറും സമ്മര്‍ദമേറി വരികയാണ്. എന്നാല്‍ ഖനനത്തിനായി സംരക്ഷിത കന്യാവനങ്ങള്‍ തുറന്ന് കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വനങ്ങള്‍ പരിസ്ഥിതിയുടെ സമ്പത്താണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായ കോലാർ ഗോള്‍ഡ് ഫീല്‍ഡ് നിലനിന്നരുന്ന സംസ്ഥാനമാണ് കർണാടക. പ്രവർത്തനം നിർത്തിയ കോലാർ മേഖലയില്‍ നിന്നും വീണ്ടും സ്വർണം ഖനനം ചെയ്യാനുള്ള നീക്കങ്ങള്‍ സമീപകാലത്തായി സർക്കാർ ശക്തമാക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ ഏക സ്വർണ ഖനിയായ ഹട്ടിയും കർണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.
Huge gold reserves in Karnataka: Along with rare metals including lithium










