തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻവിജയം കൈവരിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി തോറ്റതിന് പിന്നിലെ കാരണം വ്യക്തമാക്കി ഡോണാൾഡ് ട്രംപ്. “ഞാൻ ബാലറ്റിലില്ലായിരുന്നു, കൂടാതെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ” ഈ രണ്ടുമാണ് റിപ്പബ്ലിക്കനുകൾ തോറ്റതിന്റെ പ്രധാന കാരണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ വൈറ്റ് ഹൗസ് “ട്രംപ് തന്നെയാണ് നിങ്ങളുടെ പ്രസിഡന്റ്” എന്ന് പ്രസ്താവിച്ചു. ഇത് ഡെമോക്രാറ്റുകൾക്ക് രാജ്യമൊട്ടാകെ ലഭിച്ച വിജയത്തെത്തുടർന്ന് ട്രംപ് എടുക്കാനിടയുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിന് മുൻപേ “ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ ഊർജ്ജച്ചെലവ് ഇരട്ടിയാകും, മൂന്നു മടങ്ങ് വരെ ഉയരും” എന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. “ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്നത് ആത്മഹത്യയാണ്! റിപ്പബ്ലിക്കൻസിന് വോട്ട് ചെയ്യൂ!!!” എന്നും അദ്ദേഹം മറ്റൊരു പോസ്റ്റിൽ എഴുതിയിരുന്നു.
“വിർജീനിയയും ന്യൂജേഴ്സിയും ഓർക്കുക, റിപ്പബ്ലിക്കൻസിന് വോട്ട് ചെയ്താൽ ഊർജ്ജവില പകുതിയായി കുറയും. ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്താൽ ചെലവ് ഇരട്ടിക്കും, മൂന്നു, നാലു മടങ്ങ് വരെ ഉയരും. അതിനാൽ നാളെ വോട്ട് ചെയ്യാതെ ഇരിക്കുന്നത് ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തതുപോലെയാണ്,” എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
കൂടാതെ, ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച സോഹ്റാൻ മംദാനി ജയിച്ചാൽ നഗരത്തിന് ഫെഡറൽ ഫണ്ടുകൾ കുറയ്ക്കുമെന്നും, മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ പിന്തുണയ്ക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “മംദാനി ജയിച്ചാൽ ന്യൂയോർക്ക് നഗരം പൂർണമായും സാമ്പത്തികവും സാമൂഹികവുമായ ദുരന്തത്തിലാകും. അദ്ദേഹത്തിന്റെ ആശയങ്ങൾ ഒരിക്കലും വിജയിച്ചിട്ടില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ട്രംപിനെ നിരാശയിലാക്കി സോഹ്റാൻ മംദാനി തന്നെയാണ് ന്യൂയോർക്ക് നഗരത്തിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2026 ജനുവരി 1 ന് അധികാരമേൽക്കുമ്പോൾ കഴിഞ്ഞ നൂറ് വർഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മംദാനി ചരിത്രത്തിൻ്റെ ഭാഗമാകും.
Huge victory for Democrats in the US: I was not on the ballot – Donald Trump










