
ന്യൂയോര്‍ക്ക്: ഗുസ്തി ഇതിഹാസമായ ഹള്‍ക്ക് ഹോഗന്റെ (71) മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പുറത്ത്. ഡബ്ല്യുഡബ്ല്യുഇ താരത്തിന്റെ ജീവനെടുത്തത് ഹൃദയാഘാതവും കാന്‍സറുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോഗന്റെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് മെഡിക്കല്‍ രേഖകള്‍ പുറത്തുവിട്ടത്. ഹോഗന് ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ജൂലൈ 24ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ഹോഗൻ WWE-യെ ഇന്നത്തെ നിലയിലേക്ക് വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1980-കളിലും 1990-കളിലും റിങ്ങിനകത്തും പുറത്തും ഹൾക്ക് ഹോഗൻ സൂപ്പർ താരമായിരുന്നു. ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഹോൾ ഓഫ് ഫെയിം അംഗം ഹൾക്ക് ഹോഗൻ അന്തരിച്ചുവെന്ന വാർത്ത WWE-യെ ദുഃഖിപ്പിക്കുന്നു. പോപ്പ് സംസ്കാരത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തികളിൽ ഒരാളായ ഹോഗൻ, 1980-കളിൽ WWE-ക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കാൻ സഹായിച്ചു എന്ന് കമ്പനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
‘ഹൃദയാഘാതത്തെത്തുടർന്ന് ഒരു വ്യക്തി ബോധരഹിതനായി എന്ന റിപ്പോർട്ടിനെ തുടർന്ന് ഹോഗൻ്റെ വീട്ടിലേക്ക് പോലീസ്, അഗ്നിശമന സേനാംഗങ്ങളെ അയച്ചു. സ്ഥലത്തെത്തിയ അഗ്നിശമന, രക്ഷാപ്രവർത്തകർ അദ്ദേഹത്തിന് ചികിത്സ നൽകുകയും മോർട്ടൺ പ്ലാന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.