
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയ അലയന്‍സ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍ കമ്മ്യൂണിറ്റിസിന്റെ അന്താരാഷ്ട്ര കണ്‍വീനറും റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനുമായ പ്രമുഖ മനുഷ്യാവകാശ, ദളിത് ആദിവാസി അവകാശ, പരിസ്ഥിതി പ്രവര്‍ത്തകനായ വി ബി അജയകുമാര്‍ അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊടുങ്ങല്ലൂരിലെ വസതിയിൽ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് വരെയാണ് പൊതുദര്‍ശനം. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വൈകുന്നേരം അഞ്ച് മണിക്ക് കൊടുങ്ങലൂര്‍ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ നടക്കും.
നര്‍മ്മദ ബച്ചാവോ അന്തോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയാണ് അജയ് കുമാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത കോപ് 26, കോപ് 29 സമ്മേളനങ്ങളില്‍ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച അടിത്തട്ട് വീക്ഷണങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. യുണൈറ്റഡ് നാഷന്‍സ് ഫോറം ഓണ്‍ ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് 2024 സെപ്റ്റംബറില്‍ ബാങ്കോക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിച്ചു.
യുണൈറ്റഡ് നാഷന്‍സ് എന്‍വിയോണ്‍മെന്റ് ഒക്ടോബര്‍ 2023ഇല്‍ ശ്രീലങ്കയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഫോറം ഓഫ് മിനിസ്‌റ്റേഴ്‌സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് അതോറിറ്റീസ് ഓഫ് ഏഷ്യ പസിഫികില്‍ പ്രഭാഷകനായിരുന്നു. അന്താരാഷ്ട്ര തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കേരളത്തില്‍ ദളിത്-ആദിവാസി-മത്സ്യബന്ധന സമുദായങ്ങള്‍ക്കായ് അജയകുമാര്‍ പ്രവർത്തിച്ചു.