
കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത മകൾ വിപഞ്ചികയുടേയും കൊച്ചുമകൾ വൈഭവിയുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മ ശൈലജ. മകളുടെയും കൊച്ചു മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നും ജന്മനാട്ടിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്നും ശൈലജ പറഞ്ഞു. വിപഞ്ചികയുടെ ഭര്‍ത്താവായ നിധീഷ് കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്ന് അറിയിച്ചു. ഇന്ന് തന്നെ ഷാര്‍ജയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനമായെന്നും ശൈലജ പറഞ്ഞു.
അതിനാൽ എത്രയും പെട്ടെന്ന് വിഷയത്തിൽ കോൺസുലേറ്റ് ഇടപെടണമെന്നും വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു.ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും കുഴപ്പമില്ല. പക്ഷെ നാട്ടിലെത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. മൃതദേഹങ്ങൾ ഷാർജയിൽ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി ദുബായിൽ ജോലി ചെയ്യുന്ന വിപഞ്ചികയുടെ വിവാഹം നാലര വര്‍ഷം മുന്‍പായിരുന്നു നടന്നത്.