
കോഴിക്കോട് : ഒമ്പതുകോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കരിപ്പൂരില്‍ വിമാനമിറങ്ങിയ ആള്‍ വിദഗ്ദ്ധമായി മുങ്ങി. കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയവര്‍ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് നാടകീയമായ സംഭവം നടന്നത്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് പൊലീസ് പിടിച്ചെടുത്തത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അബുദാബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ കൈവശം വലിയൊരു ട്രോളി ബാഗും അതില്‍ നിറയെ ഹൈബ്രിഡ് കഞ്ചാവുമുണ്ടായിരുന്നു. 14 വാക്വം പായ്ക്കറ്റുകളിലായിട്ടായിരുന്നു ഇവ ബാഗില്‍ അടുക്കി വെച്ചിരുന്നത്. ഈ കഞ്ചാവ് വാങ്ങാന്‍ എത്തിയവരെ കണ്ടപ്പോള്‍ പൊലീസിന് തോന്നിയ സംശയമാണ് കഞ്ചാവു വേട്ടയില്‍ നിര്‍ണായകമായത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളോട് കാര്യം തിരക്കിയപ്പോള്‍ വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വിമാനത്താവളത്തില്‍ വന്നത് എന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന് പിടിവീണത്.
ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മനസിലാക്കിയപ്പോഴേക്കും ആള്‍ വിമാനത്താവളം വിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ പോയ എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറെ പൊലീസ് ബന്ധപ്പെട്ടു. സംശയം തോന്നിയ യാത്രക്കാരന്‍ സിഗരറ്റുവലിക്കാന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് വിദഗ്ദ്ധമായി കടന്നുകളയുകയായിരുന്നു. ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ചായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്.