
വാഷിങ്ടണ്‍: അമേരിക്കയിലെ ഡാളസിൽ 27 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി ചന്ദ്രശേഖർ പോൾ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ, ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യവേ അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 2023ൽ ഹൈദരാബാദിൽ നിന്ന് ദന്തിസ്റ്റായി ബിരുദം നേടി ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ ചന്ദ്രശേഖർ, ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലി തേടുന്നതിനിടെ ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.
ചന്ദ്രശേഖറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കുടുംബം സർക്കാർ സഹായം അഭ്യർത്ഥിച്ചു. ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ചന്ദ്രശേഖറിന്റെ ഹൈദരാബാദിലെ വീട്ടിലെത്തി കുടുംബത്തെ അനുശോചനം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.