
ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ജഡ്ജിയുടെ വസതിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞതായി ഇന്നലെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണമാണ് അതുല്‍ ഗാര്‍ഗ് ഇപ്പോള്‍ പറയുന്നത്.
സംഭവത്തില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. 15 കോടി രൂപ കണ്ടെത്തിയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുമുണ്ടായിരുന്നു. വിഷയം കോണ്‍ഗ്രസ് രാജ്യസഭയിലും ഉന്നയിച്ചിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നടന്ന തീപിടുത്തത്തില്‍ പണമൊന്നും കണ്ടെത്തിയില്ലെന്ന് അവകാശപ്പെടുന്ന തന്റെ പേരിലുള്ള പ്രസ്താവന വ്യാജമാണെന്നും അത്തരത്തിലൊരു പ്രതികരണവും അഗ്‌നിശമന സേനാംഗങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഗാര്‍ഗ് പറഞ്ഞു.