‘ഞാൻ എല്ലാം മതങ്ങളെയും ബഹുമാനിക്കുന്നു’, ഖജുരാഹോയിലെ വിഷ്ണു വിഗ്രഹ കേസിൽ ‘പോയി ദൈവത്തോട് പറയൂ’ വിവാദത്തിൽ ചീഫ് ജസ്റ്റിസിന്‍റെ വിശദീകരണം

ഡൽഹി: ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ തന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. ‘പോയി ദൈവത്തോട് പറയൂ’ എന്ന തന്റെ അഭിപ്രായം വിവാദമായതിനെത്തുടർന്നാണ് വിശദീകരണം. ചൊവ്വാഴ്ചയായിരുന്നു ഈ പരാമർശം വന്നത്. മധ്യപ്രദേശിലെ യുനെസ്കോ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിലെ ജവാരി ക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളിയ സന്ദർഭത്തിലായിരുന്നു ഇത്. ‘ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’ എന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

ഛത്തർപൂർ ജില്ലയിലെ ജവാരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഗ്രഹം മാറ്റി പുതിയത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാകേഷ് ദലാൽ എന്നയാൾ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ‘ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കേസാണ്. ഭഗവാൻ വിഷ്ണുവിന്റെ ഭക്തനാണെങ്കിൽ പ്രാർത്ഥിക്കൂ’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. സമൂഹമാധ്യമങ്ങളിൽ ഇത് തെറ്റായി പ്രചരിക്കപ്പെട്ടതായി അറിഞ്ഞതിനെത്തുടർന്നാണ് വിശദീകരണം നൽകിയത്. കഴിഞ്ഞ ദിവസം ആരോ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide