
തിരുവനന്തപുരം: മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് നടൻ കുഞ്ചാക്കോ ബോബന്റെ പരാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജയിലിലല്ല കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് മികച്ച ഭക്ഷണം നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സ്കൂളിൽ സന്ദര്‍ശനം നടത്താന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം സ്കൂളിൽ ഭക്ഷണം കഴിക്കാൻ താനും വരാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൃക്കാക്കര നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന.
മന്ത്രിയുടെ കുറിപ്പ്
“മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്’- കുഞ്ചാക്കോ ബോബൻ”ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.