
‘കിലുക്കം ഷോ’യുമായി ഉടൻ അമേരിക്കയിലെത്തുമെന്ന് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടത്താനിരുന്ന ‘കിലുക്കം ഷോ’ വിസാ നിയമങ്ങളിൽ വന്ന ചില മാറ്റങ്ങളെ തുടർന്ന് ചിലരുടെ അപ്പോയ്‌മെന്റിൽ അൽപം കാലതാമസം ഉണ്ടായതുമൂലമാണ് വൈകിയതെന്നും ലാൽ പറഞ്ഞു. മാറ്റിവെച്ച ഷോകൾ എത്രയും പെട്ടെന്ന് നടത്താനുള്ള ശ്രമത്തിലാണെന്നും മോഹൻലാൽ, സ്റ്റീഫൻ ദേവസിക്കും രഞ്ജു രാജിനോടുമൊപ്പമുള്ള ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം
യു എസിലുള്ള എന്റെ ഏറ്റവും പ്രിയപെട്ടവരെ… എല്ലാവർക്കും ഓണാശംസകൾ… എല്ലാവരെയും നേരിൽ കാണാനും, നിങ്ങൾക്ക് ഒരു നല്ല ദൃശ്യ വിരുന്നൊരുക്കാനും, ഈ മാസാവസാനം അങ്ങ് എത്താനുമുള്ള എല്ലാ തയാറെടുപ്പുകളും ഞാനും സ്റ്റീഫനും ഞങ്ങളോടൊപ്പം വരാനായിരുന്ന രമ്യ നമ്പീശനും, ഭാമയും, രമ്യ പണിക്കരും, നോബിയും, അഖിലും മറ്റ് സംഘാങ്ങളും എല്ലാവരും ചേർന്ന് പൂർത്തിയാക്കിയതാണ്. ഫൈനൽ റിഹേഴ്‌സലും ഞങ്ങൾ പൂർത്തിയാക്കിയിരുന്നു. പക്ഷെ, അമേരിക്കൻ വിസാ നിയമങ്ങളിൽ വന്ന ചില മാറ്റങ്ങളെ തുടർന്ന് ഞങ്ങൾ ചിലരുടെ വിസ, ആ വിസ അപ്പോയ്‌മെന്റിൽ അൽപം കാലതാമസം വന്നിരിക്കുകയാണ്. നിങ്ങൾക്കുണ്ടാകുന്ന നിരാശ ഞങ്ങൾക്ക് മനസിലാവുന്നതാണ്. എന്നാൽ ഞങ്ങളുടെ അല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്. നിങ്ങൾക്ക് ആർക്കും ഒരു നഷ്ടം ഉണ്ടാവാതെ ഏറ്റവും അടുത്ത ഒരു ദിവസം കിലുക്കം ഷോ സംഘടിപ്പിക്കാനുള്ള പ്രയത്നത്തിലാണ് വിൻസൻ ഹോംലാൻഡിലെ രഞ്ജു രാജ്. ഉറപ്പായും നിങ്ങൾ ഓരോരുത്തരുടെയും… വിഷമം ഞങ്ങൾ മനസ്സലാക്കികൊണ്ട് അവരെ നേരിട്ട് തന്നെ ബന്ധപ്പെടുകയും, നിങ്ങൾ വാങ്ങിയ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതിയ തീയതികളിൽ ഷോ കാണാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതാണ്. എന്നെ സ്നേഹിക്കുന്ന… ഞങ്ങളെ സ്നേഹിക്കുന്ന എൻ്റെ പ്രിയപ്പെട്ടവർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാണാമെന്ന ഉറപ്പോടെ നമസ്‌കാരം.