അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തനിച്ചായ കുടിയേറ്റക്കാരായ കുട്ടികളെ കണ്ടെത്തി രാജ്യത്തുനിന്ന് നാടുകടത്തുന്നു. ഇതിൻ്റെ ഭാഗമായി ടെനെസിയിലെ നാഷ്‌വില്ലിൽ ഐസിഇ “നാഷണൽ കോൾ സെന്റർ” സ്ഥാപിക്കാനൊരുങ്ങുന്നു.
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം, ദിവസേന 6,000 മുതൽ 7,000 വരെ ഫോൺ കോൾ സ്വീകരിച്ച് പ്രോസസ് ചെയ്യാനുള്ള സംവിധാനമായിരിക്കും ഈ സെന്ററിന് ഉണ്ടാകുക. 2026 ജൂൺ ഓടെ കോൾ സെന്റർ പൂർണ്ണമായും പ്രവർത്തനം ആരംഭിക്കുമെന്ന് ഐസിഇ അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
അതേസമയം, തനിച്ചായ കുടിയേറ്റക്കാരായ കുട്ടികളെ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കെതിരെ എതിർപ്പ് ഉയരുകയാണ്. തനിച്ചായ കുട്ടികളെ സംരക്ഷിക്കുന്നതിന് ഫെഡറൽ നിയമങ്ങളും പദ്ധതികളും നിലവിലുണ്ടെങ്കിലും, ഈ ഭരണകൂടം അവയെല്ലാം തകർക്കാനുള്ള ശ്രമത്തിലാണെന്ന് അമിക സെന്റർ ഫോർ ഇമിഗ്രന്റ് റൈറ്റ്സ് ഡയറക്ടർ മൈക്കൽ ലൂക്കൻസ് പറഞ്ഞു. ഈ കോൾ സെന്റർ കുട്ടികളെ സംരക്ഷിക്കില്ല. മറിച്ച് അവരെ നാടുകടത്താനുള്ള പ്രക്രിയ എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിച്ചായ കുടിയേറ്റക്കാരായ കുട്ടികൾക്ക് അമേരിക്ക വിടാൻ സ്വമേധയാ തയ്യാറായവർക്ക് 2,500 ഡോളർ (ഏകദേശം ₹2 ലക്ഷം) വരെ ഒറ്റത്തവണ പുനരധിവാസ സഹായധനം നൽകുമെന്ന് കഴിഞ്ഞ മാസം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചിരുന്നു. ഈ വർഷം ആദ്യവും രാജ്യത്തുള്ള തനിച്ചായ കുടിയേറ്റക്കാരായ കുട്ടികളെ കണ്ടെത്താൻ ഐസിഇ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ICE launches “call center” to identify unaccompanied immigrant children in the US














