
വാഷിംഗ്ടണ്‍ : രാഷ്ട്രീയത്തിലെയും ബിസിനസിലെയും രണ്ട് അതികായന്മാരുടെ പോര് കണ്ട് രസിക്കുകയാണ് ലോകം. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള തര്‍ക്കം ഒരു പ്രധാന രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുന്നു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാണ് ഇരുവരുടേയും നീക്കം. ഇപ്പോഴിതാ തന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ട്രംപ് 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലായിരുന്നുവെന്ന് മസ്‌ക് അവകാശപ്പെടുന്നു. എക്സിലെ ഒരു പോസ്റ്റിലാണ് മസ്‌ക് ഇക്കാര്യം കുറിച്ചത്.
”ഇലോണിനെ പരിഗണിക്കാതെ ഞാന്‍ പെന്‍സില്‍വാനിയ ജയിക്കുമായിരുന്നു” എന്ന് ട്രംപ് പറയുന്നതിന്റെ ഒരു ക്ലിപ്പ് പങ്കിട്ട ഒരു എക്സ് ഉപയോക്താവിന് മറുപടിയായാണ് മസ്‌കിന്റെ ഈ പ്രതികരണം. ”ഞാനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നു, ഡെംസ് ഹൗസ് നിയന്ത്രിക്കുമായിരുന്നു. റിപ്പബ്ലിക്കന്‍മാര്‍ സെനറ്റില്‍ 51-49 ആയിരിക്കും.” ”ഇത്രയും നന്ദികേട്”,….മസ്‌ക് കൂട്ടിച്ചേര്‍ത്തു.
”വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍” എന്ന് വിളിക്കപ്പെടുന്ന ട്രംപിന്റെ പ്രധാന സാമ്പത്തിക പദ്ധതിയെ മസ്‌ക് ശക്തമായി വിമര്‍ശിച്ചതിന് ശേഷമാണ് ഇരുവരും തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഇത്രയും അകന്നതും. ബില്ലിനെ ”വെറുപ്പുളവാക്കുന്ന മ്ലേച്ഛത” എന്നാണ് മസ്‌ക് വിളിച്ചത്. ഒരുകാലത്ത് സഖ്യകക്ഷികളായി കാണപ്പെട്ട ഇരുവരും ഇപ്പോള്‍ അടികൂടുന്ന രീതിയില്‍ നീങ്ങുന്നത് ലോക നേതാക്കളടക്കം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ഇലോണ്‍ മസ്‌കില്‍ താന്‍ നിരാശനാണെന്ന് ഡോണള്‍ഡ് ട്രംപ് തുറന്നടിച്ചു. ”ഞാന്‍ ഇലോണില്‍ വളരെ നിരാശനാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇവിടെ ഇരിക്കുന്ന മറ്റാരെക്കാളും നന്നായി ബില്ലിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന് അതില്‍ ഒരു പ്രശ്‌നവുമില്ല. പെട്ടെന്ന് അദ്ദേഹത്തിന് ഒരു പ്രശ്‌നമുണ്ടായി, ഞങ്ങള്‍ ഇലക്ട്രിക് വാഹന മാന്‍ഡേറ്റ് വെട്ടിക്കുറയ്ക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് പ്രശ്‌നമായത്,” ട്രംപ് ഓവല്‍ ഓഫീസില്‍വെച്ച് തുറന്നടിച്ചു. മാത്രമല്ല, താനും മസ്‌കും ഇനി നല്ല ബന്ധം പുലര്‍ത്തുമോ എന്ന് അറിയില്ലെന്നും എന്ന് ട്രംപ് പറയുന്നു. ”അദ്ദേഹം എന്നെ വ്യക്തിപരമായി മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അതാണെന്ന് എനിക്ക് ഉറപ്പുണ്ട്,” പത്രസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു.













