
ഇസ്ലാമാബാദ്: ഇന്ത്യക്ക് പ്രകോപനപരമായ മുന്നറിയിപ്പുമായി പാകിസ്താന്‍. ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിര്‍ന്നാല്‍ ഇന്ത്യയെ തകര്‍ക്കുമെന്ന തരത്തിലാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ കരസേന സൈനിക മേധാവി പാകിസ്താനെതിരെ മുന്നറിയിപ്പ് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് പാകിസ്താന്റെ മറുപടി. തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ പാകിസ്താന്‍ ലോക ഭൂപടത്തില്‍ നിന്ന് മായ്ക്കപ്പെടുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. ഇതിനാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.
ഭാവിയില്‍ ഒരു സൈനിക സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ‘അവരുടെ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെടും’ എന്നാണ് ഖ്വാജ ആസിഫ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല പ്രസ്താവനകളെ അദ്ദേഹം ‘നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള പരാജയപ്പെട്ട ശ്രമം’ എന്നും വിശേഷിപ്പിച്ചു.