തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) മലയാളം സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറി പാനലിലെ അംഗവും പ്രശസ്ത സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ സഹ ജൂറി അംഗമായ യുവ ചലച്ചിത്രപ്രവർത്തക ലൈംഗികാതിക്രമ പരാതി നൽകി. ഐഎഫ്എഫ്കെ സിനിമ തിരഞ്ഞെടുക്കുന്നതിനായുള്ള ജൂറിയിൽ പ്രവർത്തിക്കവെ ഹോട്ടൽ മുറിയിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇടതുസഹയാത്രികനും മുൻ സിപിഐഎം എംഎൽഎയുമായ കുഞ്ഞുമുഹമ്മദിനെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം പരാതിക്കാരി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പരാതി പോലീസിന് കൈമാറുകയും തുടർന്ന് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്‌ക്രീനിങ് നടന്ന തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരാതിക്കാരിയും കുഞ്ഞുമുഹമ്മദും ഒരേ സമയം ഹോട്ടലിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവം മലയാള സിനിമാരംഗത്ത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. പരാതിക്കാരിയെ സംരക്ഷിക്കുന്നതിനായി പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ആരോപണം പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ്, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം എന്നും കൂട്ടിച്ചേർത്തു. മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.









