
ചെന്നൈ : താന്‍ ഒരുക്കിയ ‘ശിവരാത്രി’ ഗാനം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ്’ എന്ന സിനിമയില്‍ ഉപയോഗിക്കുന്നത് തടയണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തി വ്യക്തമാക്കി. സാധാരണ നിലയില്‍ സിനിമകളുടെ പകര്‍പ്പവകാശം നിര്‍മാതാവിനായതിനാല്‍, ഇളയരാജയുടെ ഹര്‍ജിയില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട എല്ലാരേഖകളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചിത്രം നിര്‍മിച്ച വനിത ഫിലിം പ്രൊഡക്ഷന്‍ ഹൗസിനോട് കോടതി ഉത്തരവിട്ടു.
വനിതാ വിജയകുമാര്‍ നായികയായി കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറങ്ങിയ ചിത്രത്തിനെതിരേയാണ് ഇളയരാജ കോടതിയെ സമീപിച്ചത്. ജൂണ്‍ 13-ന് നല്‍കിയ വക്കീല്‍ നോട്ടീസ് അവഗണിച്ചും ചിത്രത്തില്‍ തന്റെ പാട്ട് ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ അഭിഭാഷകന്‍ വാദിച്ചത്.
തമിഴ് ചലച്ചിത്രമായ ഗുണയിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഇളയരാജ രംഗത്തുവന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി 6 ലക്ഷത്തോളം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സിനിമ വന്‍ വിജയമായതില്‍ തന്റെ പാട്ടിനും പങ്കുണ്ടെന്നും, പാട്ട് ഉപയോഗിക്കാന്‍ സമ്മതം വാങ്ങിയിരുന്നില്ലെന്നും കാണിച്ച് രണ്ടു കോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടിരുന്നത്.