
ചെന്നൈ: നെറ്റ്ഫ്ലിക്സിൽ നിന്ന് അജിത്ത് കുമാറിൻ്റെ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നീക്കം ചെയ്തു. സംഗീതസംവിധായകൻ ഇളയരാജയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിലാണ് നടപടി. അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനംചെയ്‌ത ‘ഗുഡ് ബാഡ് അഗ്ലി’യുടെ ഒടിടി പ്രദർശനം വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ജസ്റ്റിസ് എൻ സെന്തിൽ കുമാറിന്റേതാണ് ഉത്തരവ്.
താൻ സംഗീതസംവിധാനം നിർവഹിച്ച പാട്ടുകൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയുള്ള സിനിമകൾ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടും തൻ്റെ മൂന്നുപാട്ടുകൾ ഇത്തരത്തിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചുവെന്ന് ഉന്നയിച്ചുമായിരുന്നു ഇളയരാജയുടെ ഹർജി. ‘ഒത്ത റൂബ തരേൻ’, ‘എൻ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇളയരാജയുടെ ആവശ്യം. അതേസമയം, പകർപ്പവകാശമുള്ളവരിൽ നിന്ന് അനുമതി തേടിയിട്ടുണ്ടെന്ന് നിർമാണക്കമ്പനി വാദിച്ചെങ്കിലും ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി കോടതി കണ്ടെത്തിയിരുന്നു.