
ഷിക്കാഗോ : കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് ആരോപിച്ച് ഷിക്കാഗോയില്‍ ഫെഡറല്‍ സൈന്യത്തെ വിന്യസിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കര്‍ രംഗത്ത്. ട്രംപിന്റെ നീക്കം ‘ഭരണഘടനാ വിരുദ്ധവും അമേരിക്കന്‍ വിരുദ്ധവും’ ആണെന്നായിരുന്നു പ്രിറ്റ്‌സ്‌കര്‍ വിശേഷിപ്പിച്ചത്. ഈ നീക്കത്തിലൂടെ പൊതുജന സുരക്ഷയേക്കാള്‍ നാടകീയതയാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷിക്കാഗോ നഗരത്തില്‍ പട്രോളിംഗ് നടത്താന്‍ ട്രംപ് സൈനികരെ ഉപയോഗിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രംപിന്‍െ നീക്കത്തിനെതിരെ ഷിക്കാഗോ ഗവര്‍ണര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് പ്രസിഡന്റ് നടത്താന്‍ ശ്രമിക്കുന്നത്. ഈ നയം അമേരിക്കന്‍ ജനതയെ ഭിന്നിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും ബ്രാന്‍ഡന്‍ ജോണ്‍സണ്‍ പറഞ്ഞു. സൈന്യത്തെ അയക്കുന്നതിന് പകരം നഗരത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനിടെ ഷിക്കാഗോയിലെ കൊലപാതകങ്ങള്‍ 30% കുറഞ്ഞു, കവര്‍ച്ച 35% കുറഞ്ഞു, വെടിവയ്പ് 40% കുറഞ്ഞു എന്നിങ്ങനെയുള്ള കണക്കുകളും പുറത്തുവിട്ടുകൊണ്ടായിരുന്നു ജോണ്‍സണ്‍ ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചത്.