
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായ ഇന്ത്യ, പാകിസ്ഥാൻ സംഘർഷത്തിനിടയിലെ വലിയ വാർത്തയായിരുന്നു അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പാകിസ്ഥാന് വായ്പയായി 1 ബില്യൺ ഡോളർ അനുവദിച്ചത്. ഇന്ത്യയുടെ കടുത്ത സമ്മർദ്ദവും ചോദ്യങ്ങളും നിലനിൽക്കെയുള്ള ഈ തീരുമാനം ഐ എം എഫിനെതിരെ കടുത്ത വിമർശനങ്ങൾക്കും കാരണമായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ചോദ്യങ്ങളൊന്നും പാഴായില്ലെന്ന് വ്യക്തമായിരിക്കുകയാണ്. വായ്പ അനുവദിക്കണമെങ്കിൽ 11 നിർദ്ദേശങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പ് ഐ എം എഫ് പാകിസ്ഥാന് നൽകിക്കഴിഞ്ഞു.
വായ്പയുടെ അടുത്ത ഗഡു അനുവദിക്കുന്നതിന് 11 നിബന്ധനകള്‍ പാലിക്കണം എന്നാണ് ഐ എം എഫിന്‍റെ അറിയിപ്പ് . ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം സാമ്പത്തിക മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന നിലയുണ്ടായാല്‍ വായ്പ ലഭിക്കില്ലെന്ന മുന്നറിയിപ്പടക്കം ഐഎംഎഫ് നൽകിയിട്ടുണ്ട്.
വികസന ചെലവിനായി 1.07ട്രില്യണ്‍ രൂപ വകയിരുത്തണം. വൈദ്യുതി ബില്ലുകളുടെ സേവന ചാർജിൽ വർധന വേണം. പ്രതിരോധ ചെലവില്‍ സുതാര്യത വേണം കാർഷിക വരുമാനത്തിന് നികുതി ഏർപ്പെടുത്തണം. പ്രത്യേക സാമ്പത്തിക മേഖലകളിലും നികുതി ബാധകമാക്കണം. രക്ഷാപദ്ധതിയുടെ ഭാഗമായി പാകിസ്ഥാനുളള നിബന്ധനകള്‍ 50 ആക്കി. ഇന്ത്യ – പാക് സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യമുണ്ടായാൽ അത് സാമ്പത്തിക സഹായത്തെ ബാധിക്കുമെന്നും ഐ എം എഫ് വ്യക്തമാക്കിയിട്ടുണ്ട്.