” ഒരുപക്ഷേ ഇനിയൊരിക്കലും അദ്ദേഹത്തെ കണ്ടെന്ന് വരില്ല, മരണ സെല്ലിലാണ്, കടുത്ത മാനസിക പീഡനത്തിലാണ് ”- ഭയപ്പെടുന്നുവെന്ന് ഇമ്രാൻ ഖാൻ്റെ മക്കൾ

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ നിലവിലെ അവസ്ഥയോർത്ത് തങ്ങൾക്ക് ഭയമുണ്ടെന്ന് മക്കളുടെ വെളിപ്പെടുത്തൽ. തങ്ങളുടെ പിതാവ് കടുത്ത മാനസിക പീഡനത്തിന് വിധേയനാകുന്നുവെന്നും ഒരു ‘മരണ സെല്ലിൽ ആണ് അദ്ദേഹമിപ്പോൾ ഉള്ളതെന്നും മക്കളായ കാസിം ഖാനും സുലൈമാൻ ഇസ ഖാനും പറയുന്നു. തങ്ങളെ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകൻ കൂടിയായ പിതാവിനെ കാണാൻ അനുവദിച്ചില്ലെന്നും സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഖാൻ സഹോദരന്മാർ പറയുന്നു.

ജയിലിലടച്ച തങ്ങളുടെ പിതാവിനെ ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് ഭയപ്പെടുന്നതായും ഇരുവരും വെളിപ്പെടുത്തി. ഇളയ മകൻ കാസിം ഖാൻ പറയുന്നതനുസരിച്ച്, പാകിസ്ഥാൻ നേതാവിനെ രണ്ട് വർഷത്തിലേറെയായി ഏകാന്ത തടവറയിൽ പാർപ്പിച്ചിരിക്കുകയാണ്. അവിടെ, അദ്ദേഹത്തിന് മലിനജലമാണ് ലഭിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്ന തടവുകാരുണ്ട് സമീപത്ത്. വെറുപ്പുളവാക്കുന്ന സാഹചര്യങ്ങളാണ് ജയിലിലുള്ളത്. കൂടാതെ അദ്ദേഹം മനുഷ്യ സമ്പർക്കത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്നതും അങ്ങേയറ്റം ആങ്കപ്പെടുത്തുന്നു,” കാസിം ഖാൻ പറഞ്ഞു. കാരണം ജയിൽ ഗാർഡുകൾക്ക് പോലും അദ്ദേഹവുമായി ആശയവിനിമയം നടത്താൻ അനുവാദമില്ലായിരുന്നുവെന്നും ഇവർ പറയുന്നു.

” ഇപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്… ഒരു വഴി കണ്ടെത്താൻ വളരെ പ്രയാസമാണ്… ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞേക്കില്ലെന്ന് ഞങ്ങൾ ഇപ്പോൾ ആശങ്കാകുലരാണ്,” കാസിം ഖാൻ പറഞ്ഞു.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെ മൂത്ത മകൻ സുലൈമാൻ ഖാൻ, തന്റെ പിതാവിന്റെ സെല്ലിൽ അദ്ദേഹം ഒരു ദിവസം 23 മണിക്കൂർ ചെലവഴിക്കുന്നതായി പറയപ്പെടുന്നു, അതിനെ ഒരു “മരണ സെൽ” എന്നാണ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമം പാലിക്കാത്ത തികച്ചും നിലവാരമില്ലാത്ത സാഹചര്യങ്ങളിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത് എന്നും സുലൈമാൻ ഖാൻ പറഞ്ഞു.

ഇമ്രാൻ ഖാന്റെ തടവിനെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് മക്കളുടെ വെളിപ്പെടുത്തലും ചർച്ചയാകുന്നത്. ഇംഗ്ലീഷ് ടിവി അവതാരകയായ ജെമീമ ഗോൾഡ്‌സ്മിത്തുമായുള്ള ഇമ്രാൻ ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് കാസിമും സുലൈമാൻ ഇസയും. ഇമ്രാൻ്റെ സഹോദരിമാർ ഉന്നയിച്ച ആശങ്കകൾ തന്നെയാണ് മക്കളുടെ വാക്കുകളിലും പ്രതിധ്വനിക്കുന്നത്.

“അവർ അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്. അദ്ദേഹത്തെ നിയമവിരുദ്ധമായി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇമ്രാൻ ഖാനെതിരെയുള്ള ഈ പീഡനം അവർ അവസാനിപ്പിക്കണം,” ഇമ്രാൻ്റെ സഹോദരിമാർ ആശങ്ക പ്രകടിപ്പിച്ചു.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇമ്രാന് കുടുംബത്തെ കാണാൻ അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും, കുടുംബത്തിൻ്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ജയിൽ അധികൃതർ നിരസിച്ചതിനെത്തുടർന്ന് വലിയ സംഘർഷമാണ് രൂപപ്പെട്ടത്. സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ മേധാവി ജുനൈദ് അക്ബർ ഖാൻ തുടങ്ങിയ മുതിർന്ന പി.ടി.ഐ നേതാക്കൾ കുത്തിയിരിപ്പ് സമരത്തിൽ പങ്കുചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെ അഡിയാല ജയിലിന് ചുറ്റും കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഏകദേശം ഒരുമാസത്തോളം ഇമ്രാനെ കാണാൻ അനുമതി നൽകാതിരുന്നതിനു ശേഷം ഡിസംബർ 2 ന്, ഇമ്രാൻ ഖാന്റെ സഹോദരി ഉസ്മ ഖാന് ഇമ്രാനെ കാണാനായിരുന്നു. 20 മിനിറ്റ് നീണ്ടുനിന്ന അപൂർവ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇമ്രാൻ്റെ ആരോഗ്യസ്ഥിതി അടക്കമുള്ള ആശങ്കകൾ ശക്തമായി. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ തന്നെ “മാനസിക പീഡനത്തിന്” വിധേയമാക്കിയെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയതായി സഹോദരി പറഞ്ഞിരുന്നു.

‘Imran Khan’s children fear about his health condition.

More Stories from this section

family-dental
witywide