
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ ജയിലില്‍ ജീവനോടെയുണ്ടോ മരിച്ചോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് മകന്‍ കാസിം ഖാന്‍. 73കാരനായ പിതാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പങ്കുവയ്ക്കുന്നില്ലെന്നും കാസിം ഖാന്‍ ദുഖം പങ്കുവയ്ക്കുന്നു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ മരിച്ചതായി കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
845 ദിവസമായി ജയിലിലുള്ള ഇമ്രാന്‍ ഖാനെ കഴിഞ്ഞ ആറ് ആഴ്ചയായി ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാസിം ആരോപിച്ചു. ”അദ്ദേഹം ഫോണ്‍വിളിക്കുന്നില്ല, സന്ദര്‍ശിക്കാന്‍ അനുമതിയില്ല, ജീവനുള്ളതിനു തെളിവുമില്ല. എനിക്കോ സഹോദരനോ പിതാവിനെ ബന്ധപ്പെടാനായിട്ടില്ല” കാസിം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, കോടതി ഉത്തരവുണ്ടായിട്ടും ഇമ്രാന്റെ സഹോദരിമാര്‍ക്ക് സന്ദര്‍ശന അനുമതി നിഷേധിച്ചു. ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമപരമായും ധാര്‍മികമായും ഇതിന് ഉത്തരവാദികള്‍ ആയിരിക്കും. രാജ്യാന്തര സമൂഹം അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കാസിം പറഞ്ഞു.
അതേസമയം, ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം റാവല്‍പിണ്ടിയിലെ ജയില്‍ അധികൃതര്‍ ഇന്നലെ നിഷേധിച്ചിരുന്നു. ഇമ്രാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഇക്കാര്യം പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) നേതൃത്വത്തെ അറിയിച്ചതായും അധികൃതര്‍ പറഞ്ഞിരുന്നു.
Imran Khan’s son says he doesn’t know if his father is dead or alive.















