
ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമൊപ്പം ചൈനയിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാനും ഇരുവരുമായി കൂടിക്കാഴ്ച നടത്താനുമാണ് കിം എത്തിയത്. സ്വകാര്യ ബുള്ളറ്റ് പ്രൂഫ് ട്രെയിനിലാണ് ഉത്തര കൊറിയൻ ഭരണാധികാരി ബീജിങിലെത്തിയത്. 2023ന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ യാത്രയാണിത്. അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണികൾക്കിടയിലാണ് ചൈനീസ് പ്രസിഡന്‍റും റഷ്യൻ പ്രസിഡന്‍റും ഉത്തര കൊറിയൻ ഭരണാധികാരിയും തമ്മിലുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി ചൈന നടത്തുന്ന ഗംഭീര പരേഡിൽ കിമ്മിനൊപ്പം വിദേശകാര്യ മന്ത്രി ചോ സോൺ-ഹുയിയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനയും ഉത്തരകൊറിയയും സഖ്യകക്ഷികളാണ്. യുഎസിന്റെയും മറ്റ് രാജ്യങ്ങളുടെയും ഉപരോധങ്ങൾക്കിടയിൽ ഉത്തരകൊറിയൻ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ പിന്തുണയ്ക്കുന്നതും ചൈനയാണ്. ഇതിനിടയിൽ റഷ്യ കൂടിയെത്തുന്നത് അമേരിക്കക്ക് വെല്ലുവിളിയാകാനുള്ള സാധ്യതയാണ് ഏവരും കാണുന്നത്.
പതിവ് തെറ്റിക്കാതെ കിം ഈ യാത്രയ്ക്കും ബുള്ളറ്റ് പ്രൂഫ് ട്രെയിനാണ് തിരഞ്ഞെടുത്തത്. വിമാന യാത്രയെ അപേക്ഷിച്ച് സുരക്ഷിതമായ മാർഗമായി കിം ഇതിനെ കണക്കാക്കുന്നു. 2023ൽ പുടിനുമായുള്ള ഉച്ചകോടിക്കായി റഷ്യയിലേക്കും 2019 ൽ വിയറ്റ്നാമിലെ ഹനോയിയിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാനും കിം ട്രെയിനിലാണ് യാത്ര ചെയ്തത്. ചൈനയിലേക്കുള്ള യാത്രയ്ക്ക് മുമ്പ്, കിം ഒരു പുതിയ മിസൈൽ ഫാക്ടറി സന്ദർശിക്കുകയും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതി ശക്തിപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2019ൽ ഷി ജിൻപിങ് പ്യോങ്‌യാങ് സന്ദർശിച്ചതിന് ശേഷം ഇരു നേതാക്കളും നേരിട്ട് കണ്ടിട്ടില്ല.














